കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍, എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി? എന്ന ചോദ്യമുയര്‍ത്തി ഹൈക്കോടതി. വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് വിലയിരുത്തിയ കോടതി ആന്റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. ആന്റണി രാജുവിന് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കേസ് അട്ടിമറിക്കാന്‍ വിചാരണ മനപൂര്‍വം വൈകിയ്ക്കുന്നെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പ്രതിയായ മന്ത്രി കോടതിയില്‍ ഹാജരാകാന്‍ പോലും തയാറായിട്ടില്ല. മനപൂര്‍വം കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹര്‍ജിയിലുണ്ട്.
ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. ലഹരിമരുന്നു കേസിലെ പ്രതിയെ രക്ഷിക്കാന്‍, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. 1994 ലായിരുന്നു സംഭവം.