CrimeNEWS

30 ലക്ഷം നിക്ഷേപിച്ചു, ചികിത്സയ്ക്ക് പണം ചോദിച്ചപ്പോള്‍ കിട്ടുമ്പോള്‍ തരാമെന്ന് മറുപടി; മരിച്ചപ്പോള്‍ ജീവനു വിലയിട്ടു, രണ്ടുലക്ഷം! കരുവന്നൂര്‍ ബാങ്ക് ഇനിയുമെത്ര ജീവനെടുക്കും?

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപക ചികിത്സയ്ക്ക് വഴിയില്ലാതെ മരണത്തിന് കീഴങ്ങിയത് ബാങ്ക് ബാങ്ക് അധികൃതരുടെ മനസാക്ഷിയില്ലാത്ത നടപടികള്‍ മൂലമെന്ന് ആക്ഷേപം ശക്തം. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് ഇന്ന് രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് ഭര്‍ത്താവ് ദേവസി പ്രതികരിച്ചിരുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്. ഫിലോമിനയുടെ ചികിത്സയ്ക്ക് പണത്തിനായി പലവട്ടം സമീപിച്ചെങ്കിലും ഒരു രൂപപോലും നല്‍കാതിരുന്ന ബാങ്ക് കിട്ടുമ്പോള്‍ തരാം എന്നായിരുന്നു മറുപടി നല്‍കിയിരുന്നത്.

ഒടുവില്‍ ഫിലോമിന മരിച്ചപ്പോള്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ബാങ്ക് അധികൃതര്‍ ജീവനിട്ട വിലയാകട്ടെ രണ്ടു ലക്ഷവും. അതും ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും ബന്ധുക്കളും നാട്ടുകാരും സമരം നടത്തിയതിന് ശേഷവും. ബാക്കി തുക എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നാണ് ആര്‍.ഡി.ഒ സമരക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.

ഫിലോമിനയുടെ മരണം കരുവന്നൂര്‍ ബാങ്കിലെ മറ്റു നിക്ഷേപകരുടെ ദുരിതങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു. 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപം ബാങ്ക് വിഴുങ്ങിയ, കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. ഈ മാസം 13-ന് ഈ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും നിക്ഷേപകര്‍ തെരുവാധാരമായി അലയുകയാണെന്ന് ഫിലോമിനയുടെ മരണം വെളിവാക്കുന്നു.

തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ട് വ്യാഴാഴ്ച ഒരു വര്‍ഷം തികയുമ്പോുഴും കേസില്‍ ഇനിയും കുറ്റപത്രം പോലും നല്‍കാനായിട്ടില്ല. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

കോടികള്‍ കവര്‍ന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്നകാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഉണ്ടായ ഏക നടപടി. ഇതില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.

പെന്‍ഷന്‍ പണവും റിട്ടയര്‍മെന്റ് പണവും ജീവിതകാല സമ്പാദ്യവുമെല്ലാം നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടു നീക്കുന്നു. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി.

ഒരാള്‍ക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും പലര്‍ക്കും കിട്ടിയില്ല. 381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. എന്നാല്‍ ആര്‍ക്കാണ് ഈ പണം നല്‍കിയതെന്ന് ബാങ്ക് വെളിപ്പെടുത്തുന്നില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് നിക്ഷേപകര്‍ക്ക് അവരുടെ ആയുഷ്‌കാല സമ്പാദ്യം തിരികെക്കിട്ടാന്‍ നടപടി ഉണ്ടാവണമെന്നാണ് ഉയരുന്ന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: