തൃശൂർ: കല്യാണം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കുശേഷമുണ്ടായ ആദ്യ കൺമണിയെ കാണാൻ ആഹ്ലാദത്തോടെയുള്ള കാത്തിരിപ്പിലായിരുന്നു ശരത്ത്. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആൺകുട്ടി പിറന്ന വാർത്ത കേൾക്കാൻ ശരത്ത് ഉണ്ടായിരുന്നില്ല. രാത്രിയുണ്ടായ ബൈക്കപകടം ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും തകർത്തു.
കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ ആ യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ശരത്ത് (30) ആണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നടന്ന അപകടത്തിൽ മരിച്ചത്.
ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തെത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന്റെ പെട്രോൾ തീർന്ന് കുന്നംകുളം അഞ്ഞൂരിൽ വഴിയിലായ അവനെ സഹായിക്കാൻ മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെട്ടു. ആ യാത്ര മരണത്തിലേക്കുമായി.
അപകടമുണ്ടായ ഉടൻ നാട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂൽപ്പുറത്ത് വീട്ടിൽ അനുരാഗിന് (19) ഗുരുതര പരിക്കുണ്ട്. അനുരാഗിനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടകാമ്പാൽ ചിറയ്ക്കലിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ശരത്ത്. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ഷീല. സഹോദരി: ശരണ്യ.