600കൊല്ലം: റോഡ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്നു കാണിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തതില്‍ വിവാദം. കൊല്ലം പത്തനാപുരം സബ് ആര്.ടി ഓഫീസിലെ എം.വി.ഐ, എ.എസ് വിനോദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തന്നെ കുടുക്കിയതാണെന്ന് പറഞ്ഞ് വിനോദ് കുമാര്‍ ഗതാഗത മന്ത്രിക്ക് പരാതി നല്കി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപക സമരമുണ്ടാകുമെന്നാണ് മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്പകെട്ര്‍മാരുടെ സംഘടനയുടെ മുന്നറിയിപ്പ്.
റോഡ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്ന് കാട്ടി വിനോദിനെതിരെ മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി നല്കിയ പരാതി ഗതാഗത കമ്മിഷണര്‍ അന്വേഷിച്ചിരുന്നു. പൊലീസ് കേസെടുത്തതിനൊപ്പം സസ്പെന്‍ഷനും പിന്നാലെയെത്തി. പത്തനാപുരം സബ് ആര്‍ടി ഓഫീസിലെ എം.വി.ഐയാണ് എ.എസ് വിനോദ്. മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയാണ് വിനോദ്. നേരത്തെ പത്തനാപുരത്ത് ഇതേ എംവിഐ ടിപ്പര്‍ ലോറി പിടികൂടി പിഴയിട്ടതും, ഇതില്‍ ഗണേശ് കുമാര്‍ എംഎല്‍എ ഇടപെട്ട് ഉദ്യോഗസ്ഥരോട് കയര്‍ത്തതും വലിയ വിവാദമായിരുന്നു. ഈ പ്രശ്നം കഴിഞ്ഞ് അധികനാള്‍ പിന്നിടും മുന്പെയാണ് അടുത്ത കേസ്.
2017ലും തന്നെ സമാനമായ രീതിയില്‍ കുടുക്കിയതാണെന്നും, തനിക്കെതിരെ ഒന്നും കണ്ടെത്താന്‍ അന്നും കഴിഞ്ഞില്ലെന്നും വിനോദ് പറയുന്നു. അതേസമയം, നടപടി സ്വാഭാവിക നടപടിക്രമങ്ങളെന്നാണ് ഗതാഗത വകുപ്പ് വിശദീകരിക്കുന്നത്. വിനോദിനെ സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത സഹിതം പോസ്റ്ററുകള്‍ ടിപ്പര്‍ ലോറി അസോസിയേഷന്റെ ഫേസ്ബുക്ക് പേജുകളിലുള്‍പ്പടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.