KeralaNEWS

ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം, പ്രതിയെ സംരക്ഷിക്കുന്ന നിലപാടെന്ന് കെ.എം ബഷീറിൻ്റെ കുടുംബം; കോൺഗ്രസ് സമര രംഗത്ത്

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകം. കൊല്ലപ്പെട്ട ബഷീറിൻ്റെ കുടുംബവും പ്രതിപക്ഷവും പത്രപ്രവർത്തകരും നിഷ്പക്ഷമതികളും സ്വതന്ത്ര ബുദ്ധിജീവികളും മുസ്ലിം സംഘടനകളുമൊക്കെ കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉത്തരവ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടെന്ന് കെ.എം ബഷീറിൻ്റെ കുടുംബം. കളക്ടറായി നിയോഗിച്ച ഉത്തരവ് പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം.
ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ കൂട്ട ധർണ്ണ നടത്തി. മുസ്ലിം ലീഗും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്.

സർക്കാർ നിലപാടിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിച്ചു.
മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി ജനറല്‍ സെക്രട്ടറിഎ.എ. ഷുക്കൂറും രംഗത്തെത്തി. സമനില തെറ്റിയ സർക്കാരിൻ്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിൻ്റെ നിയമനമെന്നും എഐസിസി  ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് ശ്രീറാമിൻ്റെ നിയമനമെന്നും എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നു എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

‘അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകള്‍ മധുരതരമാകില്ല’ (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാന്‍ പറ്റിയ കസേരകള്‍ കേരളത്തില്‍ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നു’ സലീം മടവൂർ ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിന് എതിരെ കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളും രംഗത്തെത്തി.
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധവുമായി മുസ്‍ലിം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ.അബ്ദുറബ്.    ”കെ.എം.ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ഓഗസ്‌റ്റ് മൂന്നിന് 3 വർഷം തികയുമ്പോൾ ആരോപണ വിധേയനായ ഐഎഎസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി. തിരുവനന്തപുരത്തുനിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു. എന്തൊരു ശിക്ഷ!’ അബ്ദുറബ്ബ് ഫെയ്സ‌്ബുക്കിൽ കുറിച്ചു.

2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധം ശക്തമായതോടെ കലക്‌ടറുടെ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്‌ടിവേറ്റ് ചെയ്തത്.

പ്രതിഷേധം ശക്തമാണെങ്കിലും ഉത്തരവ് പിൻവലിക്കാൻ സർക്കാർ തെയ്യാറാകുമെന്ന്ട് തോന്നുന്നില്ല. ഈ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ല കളക്ടറായി ശ്രീറാം വെങ്കിട്ടരാമൻ ഉടൻ ചുമതലയേക്കും.

Back to top button
error: