MovieNEWS

‘മലയൻകുഞ്ഞ്’ നിരാശാപ്പെടുത്തി, സാക്ഷാൽ എ.ആർ.റഹ്മാൻ പോലും ശരാശരിക്കു താഴെ

സിനിമ/ ജിതേഷ് മംഗലത്ത്

ഒട്ടും പോപ്പുലറല്ലാത്ത അഭിപ്രായമാണ് പറയാനുള്ളത്.

Signature-ad

മലയൻകുഞ്ഞ് കണ്ടു, അങ്ങേയറ്റം നിരാശാജനകമായ അനുഭവം; വെയ്റ്റ്, വെയ്റ്റ്, വെയ്റ്റ് പറയട്ടെ..

ഒന്നാമത്തെ കാര്യം സിനിമ ഒട്ടും ഇമോഷണലി കണക്ട് ചെയ്യുന്നില്ല. സർവൈവൽ സ്റ്റോറീസ് പുലർത്തേണ്ട ഏറ്റവും പരമപ്രധാനമായ ധർമ്മം, അതിജീവിക്കുന്നവന്റെ അവസ്ഥയോട് കാഴ്ച്ചക്കാരനെ താദാത്മ്യപ്പെടുത്തുക എന്നതാണ്. അയാളുടെ അതിജീവനശ്രമങ്ങളെ അങ്ങേയറ്റം ആകാംക്ഷയോടെയും, നെഞ്ചിടിപ്പോടെയും, സഹാനുഭൂതിയോടെയും കണ്ടുകൊണ്ടിരിക്കാൻ പ്രേക്ഷകൻ പ്രേരിതനാകുമ്പോഴാണ് അതൊരു സർവൈവൽ ത്രില്ലറെന്ന പേരിന് അനുയോജ്യമാകുന്നത്. വ്യക്തിപരമായി ‘മലയൻകുഞ്ഞ്’ പൊതുവെയും, രണ്ടാം പകുതിയിൽ പ്രത്യേകിച്ചും അത്തരമാരു വൈകാരികാവസ്ഥയും നൽകുന്നില്ല. ഫഹദിനെപ്പോലൊരു ബ്രില്യന്റ് ആക്ടർ പോലും നിസ്സഹായനായി നിൽക്കുന്നതായി പലയിടത്തും തോന്നിച്ചു. ഉരുൾപൊട്ടലിനു ശേഷമുള്ള ഫ്രെയിമുകളിൽ ഫഹദ്, കുഞ്ഞിനെ വിളിച്ചു കരയുന്ന സന്ദർഭങ്ങളൊക്കെ തീർത്തും ഫ്ലാറ്റായി അനുഭവപ്പെടുന്നത് അവിശ്വസനീയതയോടെയാണ് കണ്ടത്. ഫഹദിന്റെയും, ജാഫർ ഇടുക്കിയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം വല്ലാതെ അണ്ടർറൈറ്റഡായി പോയതുപോലെ തോന്നി. അതുകൊണ്ടായിരിക്കണം രണ്ടാം പകുതിയുടെ ഒരു നിർണായക നിമിഷത്തിൽ ജാഫറിന്റെ വാക്കുകളാൽ ഒരൊറ്റ മാത്ര കൊണ്ട് ഫഹദ് ‘മാനസാന്തരപ്പെടുന്ന’ ഭാഗമൊക്കെ ഒട്ടും വിശ്വസനീയമല്ലാതായിപ്പോയത്.

ഫഹദിന്റെ ആക്ടിംഗ് സ്കില്ലിനൊപ്പം മലയൻകുഞ്ഞിനെ ഗംഭീരമാക്കുമെന്നു കരുതിയ മറ്റൊരു ഡിപ്പാർട്ട്മെന്റ് സാക്ഷാൽ എ.ആർ.റഹ്മാന്റെ ബാക്ക് ഗ്രൗണ്ട് സ്കോറായിരുന്നു. എന്നാൽ ഒരു തരത്തിലും എൻഗേജിംഗാകാത്ത പശ്ചാത്തലസംഗീതമാണ് മലയൻകുഞ്ഞിന്റേത് എന്ന് സങ്കടത്തോടെ പറയേണ്ടിയിരിക്കുന്നു. രണ്ടാംപകുതിയിലെ സർവൈവൽ മോഡിൽ റഹ്മാൻ തീർത്തും ശരാശരിയിലൊതുങ്ങുന്നതാണ് കണ്ടത്. കാതടിച്ചു പോകുന്നത്ര ലൗഡായിരുന്നു പലയിടത്തെയും സ്കോർ. ദൃശ്യവിന്യാസത്തിന്റെ കാര്യമെടുത്താൽ അണ്ടർവാട്ടർ സീക്വൻസുകൾ താരതമ്യേന ദേദപ്പെട്ടു നിന്നപ്പോൾ മണ്ണിനടിയിലുള്ള ഭാഗങ്ങൾ ഒട്ടും കൺവിൻസിംഗായിരുന്നില്ല. ആർട്ട് വർക്കുകളും അമ്പേ പരാജയപ്പെട്ടു. വളരെ ദുർബലമായ തിരക്കഥയെ എലവേറ്റ് ചെയ്യാനുതകുന്ന ഒന്നും തന്നെ സജിമോന്റെ സംവിധാനത്തിലുമുണ്ടായിരുന്നില്ല. ഭരതന്റെ ‘മാളൂട്ടി’യിൽ കുഞ്ഞിനെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത് ജയറാം ആമ്പുലൻസിലേക്കോടുമ്പോൾ നമ്മളാ നിമിഷം ആ കഥാപാത്രങ്ങൾക്കൊപ്പമാണ്. എന്നാൽ ഇവിടെ ഫഹദ് പൊന്നിയെ കൈയിലേന്തി പുറത്തേക്കു വരുന്ന ഫ്രെയിമിൽ, അപകടത്തിന്റെ ദാരുണത വെളിപ്പെടുത്തുന്ന ലോംഗ്ഷോട്ടിലെ കൗതുകത്തിനപ്പുറം മറ്റൊന്നും ആ കഥാപാത്രത്തിന്റെ സ്ട്രഗിളുകളോട് കുറഞ്ഞപക്ഷം എനിക്കെങ്കിലും തോന്നുന്നുണ്ടായിരുന്നില്ല.

മലയൻകുഞ്ഞ് എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയം പറയാനുള്ള ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും സ്ക്രീനിലെ ഒട്ടും എൻഗേജിംഗല്ലാത്ത ബഹളങ്ങൾ അത്തരമൊരു വായനയ്ക്കുള്ള അവസരമേ തരുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

Back to top button
error: