KeralaNEWS

ഇ.പി. ജയരാജനെതിരായ പരാതിയില്‍ മൊഴിനല്‍കാന്‍ എത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ഇ.പി ജയരാജനെതിരേ നല്‍കിയ വധശ്രമക്കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ജാമ്യവ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും മൊഴിനല്‍കാന്‍ എത്തില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ് എച്ച് ഒയെ അറിയിച്ചത്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പ്രതികളാണ് ഫര്‍സീന്‍ മജീദും നവീന്‍ കുമാറും. തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഇവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ഇതു ചൂണ്ടിക്കാട്ടി, ജാമ്യ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ മൊഴി നല്‍കാന്‍ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് ഇരുവരുടെയും നിലപാട്. നാളെയും മറ്റന്നാളുമായി ഹാജരാകാനായിരുന്നു പരാതിക്കാരായ ഇരുവര്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിരുന്നത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഫര്‍സീന്‍ മജീദും നവീന്‍ കുമാറും നല്‍കിയ പരാതിയില്‍, തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ജയരാജനും മറ്റു രണ്ടു പേര്‍ക്കുമെതിരേ കേസെടുത്തത്.

Back to top button
error: