അനുഗ്രഹീത ഗായകനായ അരുൺകുമാർ ഗന്ധർവ സംഗീതം ഫൈനലിസ്റ്റാണ്. പെരുമ്പാവൂർ സ്വദേശിയായ ഇദ്ദേഹത്തിന് കോവിഡ് കാലത്ത് ജീവിതം പുലർത്താൻ കൂലിപ്പണിയ്ക്ക് പോകേണ്ടി വന്നു. ഒരു ചാനലിൽ ഈ വാർത്ത കണ്ട സംഗീതസംവിധായകൻ മുരളി അപ്പാടത്ത് അരുണിനെ നേരിട്ട് കണ്ട് സാഹചര്യങ്ങൾ മനസ്സിലാക്കുകയും ഒരവസരം നൽകുകയും ചെയ്തു.
സമൂഹത്തിൽ ഗോഡ് ഫാദർമാരില്ലാത്ത ഗായകപ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന സൽ പ്രവർത്തിയിലൂടെ മുരളി അപ്പാടത്ത് ഇതിനോടകം തന്നെ വാർത്തയിൽ ഇടം നേടിയിരുന്നു.
മുരളി അപ്പാടത്ത് ‘മൊരടൻ’ എന്ന സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് ആലപിച്ച ‘ചുണ്ടിൽ ചുണ്ടിൽ’ എന്ന ഗാനത്തിലൂടെ മലയാള സിനിമ സംഗീത സംവിധാന രംഗത്തേക്ക് ചുവടു വെച്ച മ്യൂസിക്ക് ഡയറക്ടറാണ്. സ്വന്തം ഫെയ്സ് ബുക്ക്, യൂ ട്യൂബ് ചാനലുകളിലൂടെ കഴിവുള്ള ഗായകരെ കണ്ടെത്തി അവർക്ക് അർഹമായ അവസരം തന്റെ സംഗീത സൃഷ്ടികളിലൂടെ നൽകിയ സംഗീത സംവിധായകൻ മുരളി അപ്പാടത്തിന്റെ ഏറ്റവും പുതിയ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.
മികച്ച ഈണത്തിലുള്ള ഈ യുഗ്മഗാനത്തിൽ അരുൺകുമാർ എന്ന ഗായകന്റെ മികച്ച ആലാപനശൈലി സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. കൂടെ പെൺ ശബ്ദത്തിൽ പാടിയിരിക്കുന്നത് ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശി ആയ ബിജു ആണ്. അഞ്ചാം ക്ലാസ് മുതൽ പെൺ ശബ്ദത്തിൽ പാടിത്തുടങ്ങിയ ബിജുവിനും ഈ ഗാനം ഒരു ബ്രേക്ക് തന്നെയാകും. മനോഹരമായ ഈ ഗാനം രചിച്ചിരിക്കന്നത് സന്തോഷ് വലിയകാവ് ആണ്.
ജയൻ മൺട്രോ