ബെയ്ജിങ്: അഞ്ചുനിലക്കെട്ടിടത്തില്നിന്ന് വീണ രണ്ടുവയസുകാരിയുടെ ജീവന് രക്ഷിച്ച് യുവാവ്. ചൈനയിലെ ഷെയ്ജിംഗ് പ്രവിശ്യയിലുള്ള ടോങ്ക്സിയാംഗില് ആണ് സംഭവം. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ ജനാലയ്ക്കരികിലിരുന്ന കുഞ്ഞ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനാലയിലൂടെയാണ് കുഞ്ഞ് അബദ്ധവശാല്‍ താഴേക്ക് വീണത്. നാല് നിലകള്‍ കടന്ന് ഏറ്റവും താഴത്തുള്ള നിലയുടെ ടെറസിലെ സ്റ്റീല്‍ മേല്‍ക്കൂരയിലേക്ക് കുഞ്ഞ് പതിച്ചു. ഈ ശബ്ദം കേട്ട് റോഡരികില്‍ സുഹൃത്തിനൊപ്പം നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഷെന്‍ ഡോങ് എന്ന യുവാവ് പെട്ടെന്ന് തിരിഞ്ഞപ്പോഴാണ് കുഞ്ഞ് വീഴുന്നത് കണ്ടത്. സ്റ്റീല്‍ മേല്‍ക്കൂരയിലും കുഞ്ഞ് തടഞ്ഞുകിടന്നില്ല. അവിടെ നിന്നും വൈകാതെ താഴേക്ക് വീഴുകയായിരുന്നു. ഇത് മനസിലാക്കിയ ഷെന്‍ കൈയിലുണ്ടായിരുന്ന ഫോണ്‍ വലിച്ചെറിഞ്ഞ് കുഞ്ഞിനെ പിടിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് വിദേശകാര്യമന്ത്രാലയ പ്രതിനിധി സാവോ ലിജിയന്‍ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ കൂട്ടത്തിലെ ഹീറോ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Heroes among us. pic.twitter.com/PumEDocVvC
— Lijian Zhao 赵立坚 (@zlj517) July 22, 2022
വീഡിയോ കണ്ടവരെല്ലാം തന്നെ ഈ യുവാവിനെ ഹീറോ ആയിത്തന്നെയാണ് വിശേഷിപ്പിക്കുന്നത്. ഇത്രയും മനസാന്നിധ്യവും ധൈര്യവുമുള്ള യുവാവിനെ അംഗീകരിക്കാതെ വയ്യല്ലോ എന്നാണിവര്‍ പറയുന്നത്.
ആ സമയത്ത് എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസിലായില്ലെങ്കിലും കുഞ്ഞിനെ പിടിക്കണമെന്നത് മാത്രം തലയിലുദിച്ചെുന്നെും അതിലേക്ക് മാത്രം ശ്രദ്ധ നല്കി നില്‍ക്കുകയായിരുന്നുവെന്നും യുവാവ് പിന്നീട് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.