പട്ന: പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് രംഗത്തെത്തിയ ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിങ് വിവാദത്തിൽ. ആർഎസ്എസിനെ പ്രതിരോധിക്കാനും മുസ്ലീങ്ങളെ സംരക്ഷിക്കാനും വേണ്ടി രൂപീകരിച്ച പോപ്പുലർ ഫ്രണ്ടിനെ എന്തിനാണ് ഭീകരരെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആർഎസ്എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ സംഘടന രൂപീകരിക്കുമ്പോൾ അവരെ എന്തിനാണ് കലാപകാരികളെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നത്. സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർഎസ്എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
നമ്മുടെ രാജ്യത്തിന് ഭീഷണി ഉയർത്തുന്ന പാകിസ്ഥാൻ ഏജന്റിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം അവർ ആർഎസ്എസിൽ നിന്നുള്ളവരോ ഹിന്ദുക്കളോ ആണെന്ന് തെളിയും. രാജ്യത്തെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പാകിസ്ഥാനിലുള്ളവരുമായി ഫോണിൽ സംസാരിക്കുന്ന ഇന്ത്യൻ പൗരന്മാരെ ദേശവിരുദ്ധരായി കണക്കാക്കുന്നതായി ആക്ഷേപമുണ്ട്. പാകിസ്ഥാനിലെ ആളുകളോട് ഫോണിൽ സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയാണോ എന്നും അദ്ദേഹം ചോദിച്ചു. ജഗദാനന്ദ് സിംഗിന്റെ പരാമർശങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തി. ദേശവിരുദ്ധരെ പിന്തുണച്ചതിന് ജഗദാനന്ദ് സിംഗിനെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം ബിജെപിയും ആർജെഡിയും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി ആരോപിച്ചു.