വരാൻ പോകുന്ന വിധിയെ നേരത്തേ അറിയാമെങ്കിലോ? വരാൻ പോകുന്ന അർബുദത്തെ, വന്ധ്യതയെ, ഹൃദ്രോഗത്തെ…! ജനിതക പരിശോധന നടത്തി അതു കണ്ടെത്തുകയാണ് ഓ മൈ ജീൻ! ജനിതക മാപ്പിങ് നടത്താമെന്നു മാത്രമല്ല രോഗം വരുത്തുന്ന വൈകല്യമുള്ള ജീനിനെ കണ്ടെത്താം, മുൻകരുതലുകളെടുക്കാം. എക്സിക്യൂട്ടീവ് ചെക്കപ്പ് പോലെ ജീൻ ചെക്കപ്പിലൂടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന അറിവ് നേടുന്നതു ചെറിയ കാര്യമാണോ?
ഹിന്ദുസ്ഥാൻ ലൈഫ് കെയർ സിഎംഡി സ്ഥാനത്തു നിന്നു വിരമിച്ച എം.അയ്യപ്പനാണ് ഓ മൈ ജീൻ എന്ന പേരിൽ ജനിതക നിർണയ കേന്ദ്രം തലസ്ഥാനത്ത് ആരംഭിച്ചത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മുൻ ഡയറക്ടർ ഡോ.രാധാകൃഷ്ണ പിള്ള ജനിതക കേന്ദ്രത്തിന്റെ മേൽനോട്ടം വഹിക്കുന്നു. രക്ത പരിശോധനയിലൂടെ വ്യക്തിഗത ജനിതക ഘടന കണ്ടെത്താമെന്നതാണു നേട്ടം.
കാൻസർ ചികിൽസയ്ക്കും വന്ധ്യതാ ചികിൽസയ്ക്കുമെല്ലാം ഇതു പ്രയോജനപ്പെടുന്നു. ഡോക്ടർമാർക്ക് നിങ്ങളുടെ ജനിതകഘടനയും രോഗത്തെ ഉദ്ദീപിപ്പിക്കുന്ന ജീനിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞ് ചികിൽസയും മരുന്നുകളും അവയുടെ ഡോസും നിർണയിക്കാം. രോഗചികിൽസയ്ക്കും ശമനത്തിനും അതു പ്രയോജനപ്പെടുന്നു.
ഓമൈജീനിൽ 18 തരം അർബുദ രോഗങ്ങളുടെ ജീൻ ഉണ്ടോ എന്നു നേരത്തേ കണ്ടെത്താൻ കഴിയും. അതനുസരിച്ച് ജീവിതശൈലയിൽ മാറ്റം വരുത്താം. ഭക്ഷണവും മറ്റും അതനുസരിച്ചു മാറ്റി രോഗം വരുത്തിവയ്ക്കാതെ നോക്കാം. ജനിതകങ്ങൾ കണ്ടെത്തുന്നതിലൂടെ ഭാവിയിൽ വരാവുന്ന 200തരം ആരോഗ്യനിലകൾ നേരത്തേ അറിയാം. വ്യക്തിഗത ജനിതക ഘടന കണ്ടെത്താൻ ഉമിനീർ സാംപിൾ മതി. രക്ത പരിശോധന ക്ളിനിക്കൽ ജീനോമിക്സിനാണ്. ക്ളിനിക്കൽ ജീനോമിക്സാണ് രോഗ ചികിൽസയ്ക്കും മരുന്നു നിർണയത്തിനു സഹായകമാവുന്നത്.
ക്ലിനിക്കൽ പ്രാക്ടീസിനായി എഫ് ഡി എ, ഇഎംഎ എന്നീ രാജ്യാന്തര സ്ഥാപനങ്ങൾ അംഗീകരിച്ച ജനിതക മാർക്കറുകൾ അടിസ്ഥാനമാക്കിയാണ് ഓരോ ടെസ്റ്റും. 250ൽ പരം ജീൻ പാനലുകൾ പരിശോധിച്ച് 18 തരം കാൻസറുകൾ കണ്ടെത്താൻ നടത്തുന്ന സിജീൻ ടെസ്റ്റ് ലഭ്യമാണ്.
ഹൃദ്രോഗം, പ്രമേഹം, വ്യക്തിഗത പോഷകാഹാരവും ഭക്ഷണ ഘടകങ്ങളും, ചർമം, മുടി എന്നിവയുടെ സംരക്ഷണം, സെല്ലുലാർ വാർധക്യം, അലർജി, വന്ധ്യത തുടങ്ങി ഒട്ടനേകം ജനിതകബന്ധങ്ങളാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്.
ഇതു ജീനസ്ട്രോളജിയാണ്. അതായത് ജ്യോൽസ്യമല്ല. പക്ഷേ ജനിതകങ്ങളെ കണ്ടെത്തി രോഗ സാധ്യത ശാസ്ത്രീയമായി പ്രവചിക്കുകയാണ്. അർബുദം ബാധിക്കുമ്പോൾ എല്ലാം വിധി എന്നു പരിതപിക്കാതെ നേരത്തേ അത് അറിഞ്ഞു വയ്ക്കാം. രോഗം വരുത്തുന്ന ജീൻ ഇപ്പോൾ ഉറക്കത്തിലാണ്, അതിനെ ഭാവിയിൽ ഉണർത്താത്തവിധം ജീവിതശൈലി സ്വീകരിക്കാം.
കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു പോയി എന്നപോലെ രക്ഷപ്പെടാം. നേരത്തേ അറിഞ്ഞാൽ പാതി രക്ഷപ്പെട്ടു എന്നാണല്ലോ ജ്യോൽസ്യം പോലും പറയുന്നത്.