IndiaNEWS

റിസോര്‍ട്ടില്‍ നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ബൈക്ക് പിടികൂടി, ദമ്പതികളുടെ റിമാണ്ട് നീട്ടി

ബേക്കല്‍: ഉദുമ കാപ്പില്‍ ബീച്ച് റോഡിലെ ബേക്കല്‍ ഹോംസ്റ്റേ റിസോര്‍ട്ടില്‍ നിന്നും കവര്‍ന്ന പണം ഉപയോഗിച്ച് കര്‍ണാടക ദമ്പതികള്‍ വാങ്ങിയ ബൈക്ക് ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി പ്രദീപ്(25), ഭാര്യ നിവേദിത(24) എന്നിവരെ തെളിവെടുപ്പിനായി ബേക്കല്‍ സി.ഐ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കര്‍ണാടകയിലേക്ക് കൊണ്ടുപോയി. റിസോര്‍ട്ടില്‍ നിന്നും കവര്‍ന്ന ആറുലക്ഷം രൂപയില്‍ 2.10 ലക്ഷം രൂപ ഉപയോഗിച്ചാണ് ദമ്പതികള്‍ ബൈക്ക് വാങ്ങിയിരുന്നത്. കവര്‍ച്ചക്ക് ശേഷം ദമ്പതികള്‍ ചിത്രദുര്‍ഗയിലേക്ക് കടന്നതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായപ്പോള്‍ തന്നെ ഈ വിവരം അവിടത്തെ പൊലീസിനെ അറിയിച്ചു.

ഈ ബൈക്ക് ചിത്രദുര്‍ഗ പൊലീസാണ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നത്. ജൂലായ് എട്ടിന് ചിത്രദുര്‍ഗയില്‍ നിന്ന് പ്രദീപിനെയും നിവേദിതയെയും ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവന്നെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിരുന്നില്ല. അരലക്ഷം രൂപ മുടക്കി പ്രതികള്‍ വാങ്ങിയ രണ്ട് മൊബൈല്‍ ഫോണുകളാണ് അന്ന് പിടികൂടിയിരുന്നത്. കോടതി റിമാണ്ട് ചെയ്ത ദമ്പതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കഴിഞ്ഞ ദിവസം ചിത്രദുര്‍ഗയില്‍ കൊണ്ടുപോകുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഇതിനിടയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ബൈക്ക് ചിത്രദുര്‍ഗ പൊലീസ് ബേക്കല്‍ പൊലീസിന് കൈമാറി.

Back to top button
error: