IndiaNEWS

അതിഥി തൊഴിലാളികൾക്ക് റേഷൻ നൽകണം: നടപടികൾ തുടങ്ങാൻ സർക്കാരുകളോട് സുപ്രീം കോടതി

ദില്ലി: കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. സ്വമേധയാ എടുത്ത ഹർജിയിലാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് എല്ലായിടത്തും അതിഥി തൊഴിലാളികൾക്ക് റേഷൻ കൃത്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദേശം നൽകി.

രാഷ്ട്ര നിർമാണത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന വിഭാഗങ്ങൾ കർഷകരും കുടിയേറ്റ തൊഴിലാളികളുമാണെന്ന് സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉന്നയിച്ചാണ് അതിഥി തൊഴിലാളികൾക്ക് റേഷൻ നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടത്. കുടിയേറ്റ തൊഴിലാളികൾക്ക് ഏതു വിധേനയും റേഷൻ കാർഡ് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ആഹാര വസ്തുക്കൾ ഇവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ ഉത്തരവ്.

Signature-ad

രാജ്യത്ത് റേഷൻ കാർഡ് ലഭിക്കുന്ന വെബ് പോർട്ടലുകളിൽ കുടിയേറ്റ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണമെന്നില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അതിനാൽ കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ എത്തി ഇവരെ രജിസ്റ്റർ ചെയ്യിപ്പിക്കണം എന്ന് സുപ്രീം കോടി പറയുന്നു. നിലവിലെ കണക്കനുസരിച്ച് 60,980 കുടിയേറ്റ തൊഴിലാളികളാണ് തെലങ്കാന സംസ്ഥാനത്ത് മാത്രമുള്ളത്. ഇവിടെ വെറും 14,000 പേർക്ക് മാത്രമാണ് റേഷൻ കാർഡുള്ളത്. 75 ശതമാനത്തിനും റേഷൻ കാർഡില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കർശന നിർദേശം നൽകിയത്.

Back to top button
error: