വയനാട് മേപ്പാടിയിലെ ബേക്കറി ഉടമ ഷിജു ബ്ലേഡ് ഇടപാടിൽ കുടുങ്ങി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് പോലിസ് നടത്തിയ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിലായി. നെല്ലിമുണ്ട ഓർക്കാട്ടേരി വീട്ടിൽ ഹുമയൂൺ കബീർ എന്ന ബാബു,കോട്ടപ്പാടി എരുമക്കൊല്ലി പ്രജു നിവാസില്‍ ശിവന്‍ എന്നിവരാണ് പിടിയിലായത്. അമിത പലിശക്ക് കടം കൊടുക്കുന്നവരാണ് ഇരുവരും.
ജൂലൈ 12 നാണ് മേപ്പാടിയിലെ കെ.എസ് ബേക്കറി ഉടമയായ ഷിജു കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചത്. ബ്ലേഡ് മാഫിയയുടെ നിരന്തരമായ വേട്ടയാടലാണ് ഷിജുവിന്റെ ജീവനെടുത്തതെന്ന് കുടുംബം പരാതി നൽകിയിരുന്നു. ലോക്ഡൗണിലുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ രമ്യ പറഞ്ഞു.
ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്ന ഷിജു ലോക്ഡൗണില്‍ നഷ്ടം നേരിട്ടതോടെ കൊള്ള പലിശയ്ക്ക് ബ്ലേഡുകാരിൽ നിന്ന് പണം കടം വാങ്ങി. തിരിച്ചടവ് മുടങ്ങിയതോടെ വീട്ടിലും കടയിലും എത്തി ബ്ലേഡുകാര്‍ ഷിജുവിനെ ഭീഷണിപ്പെടുത്തി. ഷിജു മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഒരുബ്ലേഡുകാരന്‍ ബേക്കറിയില്‍ എത്തി ബഹളമുണ്ടാക്കുകയും കയ്യേറ്റം ചെയ്യുകയും ഉണ്ടായി. ദൃശ്യങ്ങള്‍ സഹിതമാണ് കുടുംബം മേപ്പാടി പൊലീസിന് പരാതി നല്‍കിയത്
മേപ്പാടി പ്രദേശത്തെ പലിശക്കാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അമിത പലിശ ഇടപാടുമായി ബന്ധപ്പെട്ട് പല വീടുകളിലും ഒരേ സമയം പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈടായി വാങ്ങിയ മുദ്രപത്രം, ബ്ലാങ്ക് ചെക്ക്, ആര്‍.സി ബുക്ക്, എന്നിവ പോലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഒ വിപിന്‍, എസ്.ഐമാരായ സിറാജ്, അബ്ദു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് മേപ്പാടി പോലിസ് പറഞ്ഞു.