KeralaNEWS

നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളെ അവഹേളിച്ച സംഭവം: അഞ്ച് പ്രതികള്‍ക്ക് ജാമ്യം

കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളെ സുരക്ഷാ പരിശോധനയുടെ പേരില്‍ അവഹേളിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. പരീക്ഷാകേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി ഐസക് രാജു, ഒബ്‌സര്‍വര്‍ ഡോ. ഷംനാദ് എന്നിവര്‍ക്കും കരാര്‍ ജീവനക്കാരായ മൂന്നു പേര്‍ക്കുമാണ് ജാമ്യം കിട്ടിയത്.

പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലയുള്ള അധ്യാപകനും എന്‍ടിഎ നിയോഗിച്ച ഒബ്‌സര്‍വറും ഇന്നാണ് അറസ്റ്റിലായത്. അടിവസ്ത്രമടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്നാണ് പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാര്‍ ജീവനക്കാരും പൊലീസിന് മൊഴി നല്‍കിയിരുന്നു. 500 രൂപ ദിവസവേതനത്തില്‍ നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ ഏജന്‍സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പ്രതികളിലേക്ക് എത്തിയത്.

പെണ്‍കുട്ടികള്‍ പരാതിയുന്നയിച്ചതിന് പിന്നാലെ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് എന്‍ടിഎക്ക് കത്ത് നല്‍കിയ വ്യക്തിയാണ് പ്രജി കുര്യന്‍ ഐസക്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പെണ്‍കുട്ടികളെ പരിശോധിച്ച മുറിക്ക് പുറത്ത് പ്രജി നില്‍ക്കുന്നത് കണ്ടെത്തിയിരുന്നു. കരഞ്ഞുകൊണ്ട് നിന്ന ഒരു വിദ്യാര്‍ഥിനിക്ക് ഷാള്‍ എത്തിച്ച് നല്‍കിയതും പ്രജി തന്നെയാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.

Back to top button
error: