KeralaNEWS

വാട്ട്‌സ്ആപ് ചാറ്റ് ചോര്‍ച്ചയില്‍ ഷാഫിക്കെതിരേ ദേശീയ നേതൃത്വത്തിന് കത്തയച്ചു; പിന്നാലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരേ ദേശീയ നേതൃത്വത്തിന് കത്തയച്ചതിനു പിന്നാലെ രണ്ട് വൈസ് പ്രസിഡന്റുമാരെ യൂത്ത് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് നിരന്തരമായി ചാറ്റുകള്‍ ചോരുകയാണെന്നും ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നും പരാതിപ്പെട്ട എന്‍എസ് നുസൂറിനും എസ്എം ബാലുവിനും ആണ് സസ്‌പെന്‍ഷന്‍.

അതേസമയം നടപടി ചാറ്റ് ചോര്‍ച്ചയില്‍ ആണോ എന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഇരുവരും നേരത്തെ മുതല്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പറയുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

യൂത്ത് കോണ്‍ഗ്രസില്‍ ഷാഫി പറമ്പില്‍ വിരുദ്ധ ചേരിയിലാണ് നുസൂറും ബാലുവും. ഇന്നലെയാണ് എന്‍ എസ് നുസൂറും എസ് എം ബാലുവും ഉള്‍പ്പെടെ 12 സംസ്ഥാന നേതാക്കള്‍ ഷാഫി പറമ്പിലിനെതിരെ ദേശീയ അധ്യക്ഷന് കത്ത് നല്‍കിയത്. ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് നിരന്തരമായി ചാറ്റുകള്‍ ചോരുകയാണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നടപടിയെടുക്കുന്നില്ലെന്നായിരുന്നു ദേശീയ അധ്യക്ഷന് നല്‍കിയ കത്തിലെ പ്രധാന ആരോപണം. 4 വൈസ് പ്രസിഡന്റുമാരും 4 ജനറല്‍ സെക്രട്ടറിമാരും 4 സെക്രട്ടറിമാരും കത്തില്‍ ഒപ്പിട്ടിരുന്നു. ചാറ്റ് ചോര്‍ച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

നുസൂറിനും ബാലുവിനും ഒപ്പം വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, എസ് ജെ പ്രേംരാജ്, ജനറല്‍ സെക്രട്ടറിമാരായ എംപി പ്രവീണ്‍, കെ എ ആബിദ് അലി, കെ എസ് അരുണ്‍, വി പി ദുല്‍ഖിഫില്‍, സെക്രട്ടറിമാരായ മഞ്ജുക്കുട്ടന്‍, അനീഷ് കാട്ടാക്കട, പാളയം ശരത്, മഹേഷ് ചന്ദ്രന്‍ എന്നിവരാണ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന് കത്തയച്ചത്. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോലും അച്ചടക്കലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തില്‍ പറയുന്നുണ്ട് .

ദേശീയ നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചോര്‍ന്നതിനെക്കുറിച്ച് പൊലീസ് കേസ് അടക്കം നല്‍കുന്നതും ഇവര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഈ കത്ത് അയച്ചതിന് പിന്നാലെ നുസൂറിനേയും ബാലുവിനേയും മാത്രം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Back to top button
error: