വമ്പന്‍മാര്‍ക്ക് ആശ്വാസം പകര്‍ന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍; വിമാന ഇന്ധനവില 2.2 ശതമാനം കുറച്ചു
മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെതുടര്‍ന്ന് വ്യോമയാന ഇന്ധനത്തിന്റെ വില കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍.
ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ(എടിഎഫ്) വില കിലോലിറ്ററിന് 3,084.94 രൂപ (2.2 ശതമാനം)യാണ് കുറച്ചത്. നടപ്പ് വര്‍ഷം രണ്ടാംതവണയാണ് വിലയില്‍ കുറവുവരുത്തുന്നത്. അതേസമയം, പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടുമില്ല.
ആഗോളവില അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തിയതിയും 16-ാംതിയതിയുമാണ് വ്യോമയാന ഇന്ധന വില പരിഷ്‌കരിക്കുന്നത്. ജൂലായ് ഒന്നിന് വിലയില്‍ മാറ്റംവരുത്തിയിരുന്നില്ല.
2022 ജനുവരിക്കുശേഷം 11 തവണയാണ് വിലകൂട്ടിയത്. ജൂണില്‍ വിലയില്‍ 16ശതമാനം വര്‍ധനവാണ് ഉണ്ടായത്. വില കിലോ ലിറ്ററിന് 19,757.13 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അതോടെ എടിഎഫിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയുംചെയ്തു. ആറുമാസത്തിനുള്ളില്‍ വില ഇരട്ടിയാകാനും ഈ വിലവര്‍ധന ഇടയാക്കി.