IndiaNEWS

രണ്ട് കോടി രൂപ വരെ കൃഷികര്‍ക്ക് വായ്പ; പലിശയിളവ്… സര്‍ക്കാര്‍ ഗ്യാരണ്ടി…

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ അഥവാ എഫ്പിഒ വഴി കാര്‍ഷിക ഉല്‍പ്പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകും. അതായത്, എഫ്പിഒ വഴി പ്രോസസ്സിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ വരെ കൃഷിക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കും. ഇതില്‍ പലിശയിളവ് മാത്രമല്ല, സര്‍ക്കാര്‍ ഗ്യാരണ്ടിയും നല്‍കുമെന്ന സവിശേഷതയുമുണ്ട്. ഗ്രാമീണ മേഖലയില്‍ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം സേവനങ്ങള്‍ നിര്‍ണായകമാകും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം അറിയിച്ചത്.

അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിനെ കുറിച്ച് വിശദമാക്കുമ്പോളാണ് കൃഷി മന്ത്രി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ സേവനത്തെ കുറിച്ചും അറിയിച്ചത്. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമുള്ള സ്വാശ്രയ പാക്കേജിന് കീഴില്‍ കേന്ദ്രം 1.5 ലക്ഷം കോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ഇതുവരെ 13,000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. ഏകദേശം 9,000 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ഇതുകൂടാതെ, കര്‍ഷകരെ സ്വയം പര്യാപ്തരാക്കുന്നതിനും കാര്‍ഷിക മേഖലയുടെ വികസനത്തിനും സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനുള്ള നിരന്തര ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുകിട കര്‍ഷകര്‍ക്ക് എഫ്പിഒ പ്രയോജനപ്പെടും

കര്‍ഷകരെ സ്വയം പര്യാപ്തരാക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് തോമര്‍ അവകാശപ്പെട്ടു. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 10,000 എഫ്പിഒകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടുതല്‍ ചെറുകിട കര്‍ഷകര്‍ എഫ്പിഒയില്‍ ചേരുകയാണെങ്കില്‍, കൃഷി വിപുലമാക്കാന്‍ സാധിക്കും. കര്‍ഷകര്‍ക്ക് പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെടാനും ഇതുവഴി സാധിക്കുന്നതാണ്. ഇങ്ങനെ ഉല്‍പ്പാദനക്ഷമത മികച്ചതാക്കാനും, തല്‍ഫലമായി ഉല്‍പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും സാധിക്കും. മാത്രമല്ല, ഉല്‍പന്നങ്ങളുടെ ന്യായവിലയ്ക്കായി കര്‍ഷകര്‍ക്ക് വിലപേശാന്‍ കഴിയുമെന്നതും ഇതിന്റെ നേട്ടമാകും.

സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?

കൃഷിയില്‍ കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുവെന്ന് കൃഷിമന്ത്രി പറഞ്ഞു. അതിനാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വളവും വിത്തും കൃത്യസമയത്ത് ലഭിക്കാനും ജലസേചന സൗകര്യമൊരുക്കാനും കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളിലൂടെ പുത്തന്‍ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സേവനവും ഇതില്‍ ലഭ്യാണ്. പുതിയ ഗവേഷണങ്ങള്‍ കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനും സഹായിക്കുന്നു.

കൃഷിയില്‍ ഡ്രോണിന്റെ ഉപയോഗം

സാങ്കേതിക വിദ്യ വിപുലപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഡ്രോണ്‍ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കീടനാശിനികള്‍ ഫലപ്രദമായി പ്രയോഗിക്കാന്‍ സാധിക്കും. ഇതിന് പുറമെ, കീടനാശിനികള്‍ മനുഷ്യന്‍ തളിക്കുമ്പോള്‍, ഇവ ശരീരത്തിലേക്ക് ഏല്‍ക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഡ്രോണുകള്‍ ഉപയോഗിക്കുമ്പോള്‍ ബാധകമാവുന്നില്ല. ഡ്രോണുകള്‍ക്ക് നല്‍കുന്ന പദ്ധതികള്‍ ഗ്രാമീണ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കണക്കാക്കുന്നു. ഇതുകൂടാതെ, കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് വിവിധ വിഭാഗങ്ങളില്‍ സബ്സിഡി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Back to top button
error: