IndiaNEWS

കേരൂര്‍ വര്‍ഗീയ സംഘര്‍ഷം: ”പണമല്ല, നീതിയാണ് വേണ്ടത്”; സിദ്ധരാമയ്യ നല്‍കിയ പണം വലിച്ചെറിഞ്ഞ് യുവതി

ബെംഗളുരു: കര്‍ണാടകയിലെ കേരൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക്, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ നല്‍കിയ പണം അദ്ദേഹത്തിന്റെ വാഹനത്തിലേക്കുതന്നെ വലിച്ചെറിഞ്ഞ് പരിക്കേറ്റയാളുടെ ബന്ധുവായ യുവതി. ‘ഞങ്ങള്‍ക്ക് പണമല്ല, നീതിയാണ് വേണ്ടത്, സമാധാനം തകര്‍ക്കുകയും അക്രമം ഉണ്ടാക്കുകയും ചെയ്യുന്ന അക്രമികള്‍ ശിക്ഷിക്കപ്പെടണം, സമൂഹത്തില്‍ സമാധാനം നിലനില്‍ക്കണം’ സിദ്ധരാമയ്യയുടെ വാഹനത്തിനുനേരെ നോട്ടുകള്‍ എറിഞ്ഞ് അവര്‍ പറഞ്ഞു. രാജ്മ എന്ന സ്ത്രീയാണ് പണം എറിഞ്ഞത്.

ബാഗല്‍കോട്ട് ജില്ലയിലാണ് പ്രതിപക്ഷ നേതാവിനുനേരെ പ്രതിഷേധമുണ്ടായത്. സംഘര്‍ഷം നടന്ന് ദിവസങ്ങളായിട്ടും ഒരു നേതാവുപോലും പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ വരാത്തതില്‍ പ്രദേശത്തെ ജനങ്ങള്‍ രോഷാകുലരായിരുന്നു. ഇതിനിടെയാണ് ഇന്ന് സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിച്ചത്.

Signature-ad

സംഘര്‍ഷത്തില്‍ നാലു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ അദ്ദേഹം വീതം നല്‍കി. കുടുംബങ്ങള്‍ പണം നിരസിച്ചെങ്കിലും സിദ്ധരാമയ്യ പണം നല്‍കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം പോകാന്‍ തുടങ്ങിയതോടെ ആളുകള്‍ പ്രതിഷേധിച്ചു. ഒരു സ്ത്രീ വിതരണംചെയ്ത മുഴുവന്‍ തുകയും വാഹനത്തിനുനേരെ വലിച്ചെറിയുകയായിരുന്നു. സംഘര്‍ഷം നടന്നതിനുശേഷം സ്ഥലത്തെത്തിയ മന്ത്രി കുറച്ചുപേരെ മാത്രമാണ് കണ്ടതെന്നും അവര്‍ ആരോപിച്ചു. പല നേതാക്കളും സന്ദര്‍ശിച്ചില്ലെന്നും അവര്‍ വിലപിച്ചു. ഒടുവില്‍ സിദ്ധരാമയ്യയുടെ വാഹനവ്യൂഹം നിര്‍ത്തി യുവതിയെ ബോധ്യപ്പെടുത്തി പണം തിരികെ നല്‍കിയാണ് മടങ്ങിയത്.

ജൂലായ് ആറിന് ബദാമി താലൂക്കിലുള്ള കേരൂരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് സഹോദരങ്ങള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം സാമുദായിക ചേരിതിരിവും സൃഷ്ടിച്ചിരുന്നു. താലൂക്ക് ഭരണകൂടം പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി, സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

Back to top button
error: