CrimeNEWS

ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, പീഡനം; ഊബറിനെതിരെ പരാതിയുമായി 550 സ്ത്രീകള്‍

ബര്‍ ഡ്രൈവര്‍മാരില്‍നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ അക്കമിട്ട് നിരത്തി അമേരിക്കയില്‍ 550 ഓളം സ്ത്രീകള്‍ കോടതിയെ സമീപിച്ചു. സുരക്ഷിത യാത്ര എന്ന വാഗ്ദാനവുമായി രംഗത്തുവന്ന ഊബറിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ പാളിച്ചകളുണ്ടായതായി സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി സുപീരിയര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതികള്‍ വ്യക്തമാക്കുന്നു. സ്‌ലേറ്റര്‍ സ്‌ലേറ്റര്‍ ഷ്‌ലുമാന്‍ എന്ന നിയമകാര്യ സ്ഥാപനം വഴിയാണ്, ഇത്രയധികം സ്ത്രീകള്‍ ഒന്നിച്ച് ഉൗബറിനെതിരെ പരാതി നല്‍കിയതെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകള്‍ക്കെതിരെ ഗുരുതരമായ ലൈംഗിക അതിക്രമങ്ങളാണ് ഊബര്‍ ഡ്രൈവര്‍മാരില്‍നിന്നുണ്ടായതെന്ന് കോടതിയില്‍ പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോവല്‍, ശാരീരിക അതിക്രമങ്ങള്‍ എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളാണ് ഊബര്‍ ഡ്രൈവര്‍മാരില്‍നിന്നുണ്ടായത് എന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു. ഊബര്‍ ടാക്‌സി ബുക്ക് ചെയ്ത് സഞ്ചരിക്കാന്‍ എത്തിയ തങ്ങളെ ഡ്രൈവര്‍മാര്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയതായാണ് ഈ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോവുകയും ബലാല്‍സംഗം ചെയ്യുകയും ലൈംഗികമായി അതിക്രമിക്കുകയും തടവിലാക്കുകയും പിന്‍തുടര്‍ന്ന് ഉപദ്രവിക്കുകയും മറ്റ് മാര്‍ഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതികളില്‍ പറയുന്നത്.

Signature-ad

സുരക്ഷിതമായ യാത്ര എന്നതാണ് ഉൗബറിന്റെ വാഗ്ദാനമെങ്കിലും യാത്രക്കാരുടെ സുരക്ഷ എന്നത് അവരുടെ വിഷയമേയല്ലെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ നിയമ സ്ഥാപനത്തിന്റെ സ്ഥാപകനായ ആദം സ്‌ലേറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ”യാത്രക്കാരുടെ സുരക്ഷയുടെ ചെലവില്‍ സാമ്പത്തിക വളര്‍ച്ച നേടുക മാത്രമാണ് ഊബര്‍ ചെയ്യുന്നത്. ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നതായി ഊബര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ അവരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം വളരെ പതുക്കെയും അപര്യാപ്തവും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ”-അദ്ദേഹം പറഞ്ഞു.

ഊബര്‍ ഡ്രൈവര്‍മാര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങള്‍ 2014 മുതല്‍ ഊബര്‍ മറച്ചുവെക്കുന്നുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ എടുക്കുകയോ ഡ്രൈവര്‍മാരുടെ പശ്ചാത്തലങ്ങളെക്കുറിച്ച് കൃത്യമായി അന്വേഷിക്കുകയോ ചെയ്യുന്നതിന് പകരം, ലൈംഗിക അതിക്രമികള്‍ക്ക് ഇരകളെ കണ്ടെത്താനും അതിക്രമിക്കാനുമുള്ള വേദി ഒരുക്കുകയാണ് സത്യത്തില്‍ ഊബര്‍ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

2020-ല്‍ മാത്രം 998 ലൈംഗിക അതിക്രമങ്ങളും 141 ബലാല്‍സംഗങ്ങളും ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നുണ്ടായതായി ഊബറിന്റെ അമേരിക്കന്‍ ഘടകം പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2019-20 കാലത്ത് ഉൗബറിന് ലഭിച്ച 3824 പരാതികളില്‍ അഞ്ച് ശതമാനത്തിലേറെ ഗുരുതരമായ ലൈംഗിക അതിക്രമങ്ങളെ കുറിച്ചാണെന്നാണ് ഊബറിന്റെ തന്നെ കണക്ക്. 2017-18 കാലത്താണ് ഊബറിന്റെ ആദ്യ സുരക്ഷാ റിപ്പോര്‍ട്ട് പുറത്തുവന്നത്. ആറായിരം ലൈംഗിക അതിക്രമ പരാതികള്‍ അമേരിക്കയില്‍ മാത്രം തങ്ങള്‍ക്കു ലഭിച്ചതായാണ് ആ റിപ്പോര്‍ട്ടില്‍ ഊബര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, 2017-നു മുമ്പുള്ള കാലത്തെ പരാതികളെക്കുറിച്ചുള്ള ഒരു വിവരവും ഊബര്‍ പുറത്തുവിട്ടിട്ടില്ല.

അതിനിടെ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഊബര്‍ നിയമങ്ങള്‍ ലംഘിക്കുകയും ഭരണാധികാരികളെ സ്വാധീനിക്കുന്ന വിധത്തില്‍ ലോബിയിംഗ് നടത്തുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. 2013 മുതല്‍ 2017 വരെയുള്ള ഊബറിന്റെ 1,24,000 രേഖകള്‍ പരിശോധിച്ച് ഗാര്‍ഡിയന്‍ പത്രമാണ് ‘ഊബര്‍ ഫയല്‍സ്’ എന്ന പേരില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Back to top button
error: