രാഷ്ട്രീയ ചിന്തകനും എഴത്തുകാരനും ഇടത് സഹയാത്രികനും മുൻ പാർലമെൻ്റ് അംഗവുമായ സെബാസ്റ്റ്യന്‍ പോള്‍, നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി രംഗത്ത്. ഈ കേസിന്റെ ആദ്യ കാലം മുതല്‍ ഉണ്ടായിരുന്ന സംശയം സ്ഥിരീകരിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് മുന്‍ ഡിജിപി നടത്തിയിരിക്കുന്നതെന്നും ഒരു വിചിത്രമായ കേസെന്ന് അക്കാലത്തു തന്നെ അഭിപ്രായപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ വേട്ടയാടുന്നതില്‍ ഗവണ്‍മെന്റും പോലീസും മാത്രമല്ല നിരവധിശക്തികള്‍ ഒരുമിച്ച് രംഗത്ത് വന്നു. എന്തുകൊണ്ടാണ് ദിലീപിന് അങ്ങനൊരു അവസ്ഥ ഉണ്ടായത് എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഇല്ല. പക്ഷേ വലിയ രീതിയിലുള്ള സംയുക്തമായ ആക്രമണമാണ് ദിലീപിനെതിരെ ഉണ്ടായെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്:
”ഈ കേസിന്റെ ആദ്യ കാലം മുതല്‍ ഉണ്ടായിരുന്ന സംശയം സ്ഥിരീകരിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് മുന്‍ ഡി.ജി.പി നടത്തിയിരിക്കുന്നത്. ഒരു വിചിത്രമായ കേസെന്ന് അക്കാലത്തു തന്നെ അഭിപ്രായപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരുന്നു ഞാനും. അതിന് ധാരാളം അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രോക്‌സി വോട്ടിംഗ് എന്നൊക്കെ കേട്ടിട്ടുണ്ട്. പ്രോക്‌സി റേപ്പ് എന്നത് ആദ്യമായി കേള്‍ക്കുന്ന കാര്യമാണ്. ഞാന്‍ വായിച്ച നിയമപുസ്തകങ്ങളില്‍ ഒന്നും അത്തരത്തിലൊരു റേപ്പിനെക്കുറിച്ച് വിവരണം ഇല്ല, ഇവിടെ കോണ്‍സ്പിരസി എന്നൊരു തിയറി ആദ്യമായി പുറത്തു കൊണ്ടുവന്നത് മഞ്ജുവാര്യരായിരുന്നു.
ആക്രമിക്കപ്പെട്ട നടിക്ക് എറണാകുളത്ത് നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് മഞ്ജുവാര്യര്‍ ആ തീയറി അവതരിപ്പിച്ചത്. മഞ്ജു വാര്യരോട് എക്കാല്ലത്തും വലിയ സൗമനസ്യം കാണിക്കുന്ന മുഖ്യമന്ത്രി അത് ഏറ്റെടുത്തു. അന്ന് അന്വേഷണ ഉദ്യോസ്ഥയായിരുന്ന ബി. സന്ധ്യ അതുമായി മുന്നോട്ടുപോയി.
അതിന്റെ ഫലമായാണ് പള്‍സര്‍ സുനിയെന്ന പ്രതി യഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോഴും അതുവിട്ട് ദിലീപിലേക്ക് കേസ് തിരിയുകയും ദിലീപ് കേസില്‍ പ്രതിയാവുകയും ചെയ്തത്. അതിന് ശേഷം പ്രോസിക്യൂഷന്‍ എന്ത് തെളിവാണ് ദിലീപിനെതിരെ ഹാജരാക്കുന്നതെന്ന് കൗതുകത്തോടെ വീക്ഷിച്ചിരുന്ന ആളാണ് ഞാന്‍. വളരെ ദുര്‍ബലമായ അവസ്ഥയിലാണ് പ്രോസിക്യൂഷന്‍ എത്തിനില്‍ക്കുന്നത് എന്നതിന് ഉള്ള ഏറ്റവും വലിയ തെളിവ് പ്രോസിക്യൂഷന്‍ തന്നെ വിചാരണ നടത്തുന്ന ജഡ്ജിക്കും കോടതിക്കും എതിരെ തിരിഞ്ഞു എന്നതാണ്.”