NEWSSocial Media

അവിവാഹിതനായി തുടരുന്നുവെന്ന് മന്ത്രിയുടെ ട്വീറ്റ്; ”സാറിന്റെ സമയം എത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍..” എന്ന് ശാദി.കോം; രസകരമായ സംഭവങ്ങള്‍ ഇങ്ങനെ

ഗൂഗിളില്‍ തന്റെ പേര് സെര്‍ച്ച് ചെയ്തപ്പോഴാവണം, നാഗാലാന്റിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി തെംജെന്‍ ഇംന അക്കാര്യം ശ്രദ്ധിച്ചത്. ഭാര്യയ്ക്കൊപ്പമുള്ള തന്റെ പടം കാണാന്‍ കുറേ പേര്‍ ഗൂഗിളില്‍ ഇതിനകം സെര്‍ച്ച് ചെയ്തിട്ടുണ്ട്. അതോടൊപ്പം, മന്ത്രി പെണ്ണുകെട്ടിയോ എന്ന ചോദ്യവും ഗൂഗിള്‍ സെര്‍ച്ചില്‍ കാണാനുണ്ട്. ഇതിന്റെ കൗതുകത്തിലാണ്, അവിവാഹിതനായ മന്ത്രി രണ്ടുദിവസം മുമ്പ് ആ ട്വീറ്റ് ചെയ്തത്. ‘ഭാര്യയ്ക്കൊപ്പം മന്ത്രി’ എന്ന സെര്‍ച്ച് കീവേഡിന്റെ സ്‌ക്രീന്‍ ഷോട്ടു ട്വീറ്റ് ചെയ്ത് മന്ത്രി എഴുതി. ‘ഗൂഗിള്‍ സെര്‍ച്ച് എന്നെ ആവേശം കൊള്ളിക്കുന്നു. ഞാന്‍ ഇപ്പോഴും ‘അവളെ’ തിരഞ്ഞുകൊണ്ടിരിക്കുകയാണ്!

Signature-ad

ഈ ട്വീറ്റ് വന്നതിനു പിന്നാലെ അനേകം പേര്‍ കമന്റുകളുമായി അവിടെയെത്തി. അക്കൂട്ടത്തില്‍, അനുപം മിത്തലുമുണ്ടായിരുന്നു. കക്ഷി നിസ്സാരക്കാരനല്ല. ഇന്ത്യയിലെ ഏറ്റവും വലിയ മാട്രിമോണിയല്‍ സൈറ്റായ ശാദി.കോമിന്റെ സ്ഥാപകനാണ്. മന്ത്രിയുടെ ട്വീറ്റിനു താഴെ അനുപമം മിത്തല്‍ എഴുതി, ‘ശാദി.കോം, ഇക്കാര്യത്തില്‍ നമ്മളെന്തെങ്കിലുമൊക്കെ ചെയ്യണം!’ ആ ട്വീറ്റും അനുപം മിത്തലിന്റെ മറുപടിയും പെട്ടെന്നു തന്നെ ഹിറ്റായി മാറി. ആളുകള്‍ മന്ത്രിക്കൊരു പെണ്ണുവേണമെന്ന് കമന്റ് ചെയ്തു കൊണ്ടിരുന്നു. സല്‍മാന്‍ ഖാന്‍ മിന്നുകെട്ടുന്നതിനു പിന്നാലെ മന്ത്രിക്ക് പെണ്ണുകെട്ടുമെന്നായിരുന്നു രസകരമായ ഒരു ട്വീറ്റ്.

തീര്‍ന്നില്ല, അതിനു പിന്നാലെ മന്ത്രി വീണ്ടും ട്വീറ്റ് ചെയ്തു. പിറ്റേദിവസം നടന്ന ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. നാണംകുണുങ്ങി നില്‍ക്കുന്നൊരു ഫോട്ടോയും ഒറ്റയായിതുടരും എന്ന ഹാഷ്ടാഗുമായാണ് മന്ത്രിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. എന്നെപ്പോലെ ഒറ്റത്തടിയായി ജീവിച്ചാല്‍ നമുക്ക് ജനസംഖ്യാ നിയന്ത്രണം നേടിയെടുക്കാം എന്ന മട്ടിലുള്ള ഒരു കുറിപ്പായിരുന്നു ട്വീറ്റിന്റെ മുഖ്യസവിേശഷത. അപ്പോള്‍ തന്നെ ശാദി.കോം സ്ഥലത്തെത്തി. സാറിന്റെ സമയം എത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്നായിരുന്നു രസകരമായ ട്വീറ്റ്.

എന്തായാലും കാര്യങ്ങള്‍ അവിടെയും നിന്നില്ല. രസകരമായ ട്വീറ്റുകളുമായി നെറ്റിസണ്‍സ് അതിനു പിന്നാലെ അണിനിരന്നു. ഈയടുത്ത കാലത്താണ്, തന്റെ ട്രേഡ് മാര്‍ക്കായിരുന്ന മീശയും താടിയും എടുത്തു കളഞ്ഞ് മാട്രിമോണിയല്‍ സൈറ്റിന്റെ പരസ്യത്തില്‍ മന്ത്രി അഭിനയിച്ചത്.

Back to top button
error: