NEWS

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ…?

 കേരളത്തില്‍ പരക്കെ മഴ പെയ്യുന്ന സമയമാണിത്. എന്നാൽ, ചിലയിടങ്ങളിലെങ്കിലും മഴയോടൊപ്പം ശക്തമായ ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്.ഇടിമിന്നല്‍ അപകടകാരികളാണ്.അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനെടുത്തേക്കാം.അതിനാൽ ഇക്കാര്യത്തിൽ നാം ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ…?
          നമ്മൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതലെ കേൾക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, ഉപയോഗിക്കുന്നവർക്ക് മിന്നലേൽക്കാൽ സാധ്യത കൂടുതലാണ് എന്നൊക്കെ. എന്നാൽ ഇതിലൊന്നും ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ല. ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാർത്ഥ്യം..!!
          ലോകത്തിൽ പലഭാഗങ്ങളിലായി “ഓരോ സെക്കന്റിലും” രണ്ടായിരത്തിൽ കൂടുതൽ ഇടിമിന്നലുകൾ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്; ലോകത്തിലെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണമാകട്ടെ, 500 കോടിയിലധികവും. “മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഇടിമിന്നൽ ഏൽക്കാൻ കാരണം” എന്ന് ലോകത്ത് ഒരു സ്ഥലത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന വ്യക്തി ഇടിമിന്നലേറ്റ് മരിച്ചതായുളള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. “മൊബൈൽ ഫോൺ കയ്യിൽ ഇല്ലായിരുന്നു” എങ്കിലും അദ്ദേഹത്തിന് മിന്നൽ ഏൽക്കുമായിരുന്നു എന്നതാണ് വസ്തുത..!!
         നമ്മുടെ കൈയ്യിലുള്ള മൊബൈൽ ഫോൺ ഒരു ലോ-പവർ വൈദ്യുത കാന്തിക ഉപകരണമാണ്. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈൽ ഫോണിൽ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള കഴിവൊന്നുമില്ല. മേഘത്തിൽ സംഭരിക്കപ്പെടുന്ന ഭീമമായ വൈദ്യുതി മേഘങ്ങളിൽ നിന്നും മേഘങ്ങളിലേക്കോ, മേഘങ്ങളിൽ നിന്നും ഭൂമിയിലേക്കോ അതിഭീകരമായി ഡിസ്ചാർജ് ചെയ്യപ്പെടുന്നതിനെയാണ് ഇടിമിന്നൽ എന്ന് പറയുന്നത്. ഇങ്ങനെ ഭീമമായ വൈദ്യുതി ഭൂമിയിലേക്ക് ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ സൂര്യന്റെ ഉപരിതലത്തിലുള്ളതിനേക്കാൾ അഞ്ച് മടങ്ങ് വരെ താപം ഉണ്ടാവാറുണ്ട്.ഈ ഡിസ്ചാർജ് നടക്കുമ്പോൾ അതിന്റെ പാതയിൽ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ ഭീമ വൈദ്യുതിയും താപവും ഒഴുകുന്നു; ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും വൈദ്യുത ചാർജുകൾ കടന്ന് പോവുന്ന വസ്തുവിന്റെ സ്വഭാവത്തിനെയും ആശ്രയിച്ചിരിക്കും.
       ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന വൈദ്യുത ചാർജിനെ ഇവിടെയുള്ള ഉയർന്നു നിൽക്കുന്നതും , ഒറ്റപ്പെട്ടു നിൽക്കുന്നതോ, തുറസായ സ്‌ഥലത്തുള്ളതോ ആയ വസ്തുക്കൾ “വഴികാട്ടി” അഥവാ സ്ട്രീമർ ആയെന്നു വരാം. മരങ്ങൾ, ഇരുമ്പ് പോസ്റ്റുകൾ, പാറകൾ, ജലം, ചിലപ്പോൾ മൃഗങ്ങളും മനുഷ്യരും തന്നെയും “സ്ട്രീമർ ” ആയി മാറിയേക്കാം. മുകളിൽ നിന്നും വരുന്ന ഭീമ വൈദ്യുത ചാർജ്ജിനെ Stepleader-എന്നു വിളിക്കുന്നു. (മിന്നൽ ഉണ്ടാകുമ്പോൾ കാണുന്ന വർണ്ണ വര അഥവാ “മിന്നൽ പിണർ”) മിന്നൽ പിണർ സ്ട്രീമറുമായി സംഗമിക്കുന്നതുവഴി ഭൂമിയിലേക്ക് വൈദ്യുതി എളുപ്പം ഡിസ്ചാർജ് ആവുന്നു. നമ്മൾ കുന്നിലോ, ഉയർന്ന പ്രദേശത്തോ, തുറസായ സ്ഥലത്തോ ആണെങ്കിൽ മിന്നല്‍ പിണറിനെ “സ്വീകരിക്കാൻ” നമ്മുടെ ശരീരം തന്നെ സ്ട്രീമർ ആയി വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം.!!
           മൊബൈൽ ഫോൺ ഓണാക്കിയോ, ഓഫാക്കിയോ, ഫ്ലൈറ്റ് മോഡിലിട്ടോ, കാൾ ചെയ്തോ, ചാറ്റ് ചെയ്തതോ, ഇന്റർനെറ്റ് ഉപയോഗിച്ചതു കൊണ്ടോ ഇടിമിന്നൽ ഏൽക്കാൻ പോകുന്നില്ല; എന്നാൽ, മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പ്ലഗിൽ കുത്തിയ ശേഷം ഉപയോഗിക്കരുത്. ഇടിമിന്നലുള്ളപ്പോൾ വയേഡ് ലാൻഡ് ഫോൺ ഒരിക്കലും ഉപയോഗിക്കരുത്. നൂറ് കണക്കിന് കിലോമീറ്റർ നീണ്ടു കിടക്കുന്ന ലൈനിൽ എവിടെയെങ്കിലും മിന്നൽ സ്ട്രൈക്ക് ചെയ്താൽ ലാന്റ് ഫോൺ ഉപയോഗിക്കുന്നയാൾക്ക് അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്.
ശക്തമായ ഇടിമിന്നലുള്ളപ്പോൾ പോലും നിങ്ങളുടെ വീടിനുള്ളിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാം. ചാർജറിൽ ഫോൺ കുത്തിയിട്ട് ഉപയോഗിക്കരുതെന്ന് മാത്രം..!!
ജാഗ്രത വേണ്ട കാര്യങ്ങൾ..!!
കഴിയുന്നതും മഴയും ഇടിയും ഉണ്ടാവുന്നതിനു മുൻപ്, കുറഞ്ഞ പക്ഷം ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
ജനലും വാതിലും അടച്ചിടുക ; ഇത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ന ൽകുന്ന നിർദ്ദേശമാണ്.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ കേറി ഇരിക്കരുത്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി (വൃക്ഷങ്ങൾക്ക് അടുത്ത് നിർത്തരുത്) അകത്തു തന്നെ ഇരിക്കണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന വസ്ത്രങ്ങൾ, നനയുമെന്ന് പേടിച്ച് എടുക്കാൻ പുറത്തിറങ്ങരുത്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
ഇടിമിന്നലേറ്റ് അബോധാവസ്ഥയിൽ ഉള്ള ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണം/ചെയ്യരുത്.
സാധാരണ കറണ്ടടിക്കുന്ന പോലല്ല മിന്നലേൽക്കുന്നത്. അതുകൊണ്ട് മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ തൊട്ടാൽ കറണ്ടടിക്കില്ല.
പൊള്ളലേറ്റോ നേരിട്ടുള്ള ആഘാതത്താലൊ ആള് മരിക്കുന്നത് കുറവാണ്. പലപ്പോഴും മരണകാരണം പെട്ടെന്നുള്ള ശ്വാസതടസമാണ്. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക.
മിന്നലേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.
പെട്ടെന്നുള്ള വീഴ്ചയിൽ കഴുത്തിലെ കശേരുക്കൾക്ക് പരിക്കേറ്റ ഒരാളെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുമ്പോൾ ചിലപ്പോൾ കൂടുതൽ പരിക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യം ഉണ്ടാവാനുള്ള സാധ്യതകൂടി പരിഗണിച്ചുവേണം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുവാൻ.
പരിക്കേറ്റയാളുകളെ ശ്രദ്ധാപൂർവ്വം മാത്രം വാഹനങ്ങളിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക.
സർക്കാർ – സുരക്ഷാ നിർദ്ദേശങ്ങൾ ഒരു കാരണവശാലും അവഗണിക്കാതിരിക്കുക, ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക, ജീവനും ആരോഗ്യവും അമൂല്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: