പത്തനംതിട്ട: വിനോദ സഞ്ചാരം കൊഴുപ്പിക്കാൻ ബസിന് മുകളിൽ പൂത്തിരി കത്തിച്ച ‘കൊമ്പൻ’ ബസിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി. ബസിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും ഘടിപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ബസിനുള്ളിലെ സ്‌മോക്കറും നീക്കം ചെയ്തിട്ടില്ല. പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബസിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും.
കഴിഞ്ഞ ആഴ്ച, കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിന്റെ വിനോദയാത്രയ്ക്ക് മുന്നോടിയായി ബസിന് മുകളിൽ പൂത്തിരി കത്തിച്ച ദൃശ്യങ്ങൾ പുറത്തെത്തിയതോടെയാണ് ‘കൊമ്പൻ’ വിവാദത്തിലായത്. പൂത്തിരിയിൽ നിന്ന് ബസിലേക്ക് പടർന്ന തീ ജീവനക്കാർ അണയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് ആലപ്പുഴയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. വിദ്യാർത്ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. അമ്പലപ്പുഴ വച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ, പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനം ഒരുക്കിയതായി കണ്ടെത്തി. ഇതിന് പിന്നാലെ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. സംഭവത്തിൽ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു. ഇതാദ്യമായല്ല, നിയമലംഘനങ്ങളുടെ പേരിൽ ‘കൊമ്പൻ’ പിടിയിലാകുന്നത്. ലേസർ, വർണ ലൈറ്റുകളുടെ ഉപയോഗം, അമിതമായ ശബ്ദം എന്നിവയുടെ പേരിൽ മുമ്പും മോട്ടോർ വാഹന വകുപ്പ് ‘കൊമ്പന്’ പിഴ ചുമത്തിയിട്ടുണ്ട്.