കാക്കിയുടെ അധികാരം ഉപയോഗിച്ച് എന്ത് അധമ കൃത്യവും ചെയ്യാമെന്നാണ് പല പൊലീസ്ഉദ്യോഗസ്ഥരുടെയും ധാരണ. അഴിമതിയും അധോലോക ബന്ധങ്ങളും കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും കൊണ്ട് പൊലീസ് സേന മുമ്പെങ്ങും ഇല്ലാത്തവണ്ണം ജീർണിച്ചു കഴിഞ്ഞു.
അതിനിടയിലാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ഹീനകൃത്യം. തിരുവനന്തപുരത്ത് ഒരു ജ്വല്ലറിയില്‍ ഉടമയേയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി സ്വര്‍ണം വാങ്ങിയ സംഭവത്തില്‍ ജയില്‍ മേധാവിയും ഡി.ജി.പിയുമായ സുദേഷ് കുമാറിനെതിരെ കേസെടുക്കാന്‍ പോകുന്നു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഇക്കാര്യത്തിൽ ശിപാര്‍ശ നല്‍കി കഴിഞ്ഞു.
നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ മകള്‍ക്കൊപ്പമെത്തിയ സുദേഷ്‌കുമാര്‍ പണം നല്‍കാതെ ഏഴ് പവന്‍ സ്വര്‍ണമാണ് വാങ്ങിയത്. സംഭവത്തില്‍ ജ്വല്ലറി ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ട് വാങ്ങിയതായാണ് പരാതി. അന്വേഷണത്തില്‍ ഡി.ജി.പി ഭീഷണിപ്പെടുത്തി സ്വര്‍ണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.