തെരഞ്ഞെടുപ്പില്‍ വോട്ട് തേടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു.പറവൂരിലെ ആദ്യ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ടതെന്ന് ആര്‍വി ബാബു പറഞ്ഞു. അക്കാലത്തെ സതീശന് ആര്‍എസ്എസ് വെറുക്കപ്പെട്ട പ്രസ്ഥാനമായിരുന്നില്ലെന്നും ബാബു പറഞ്ഞു.
ആര്‍വി ബാബു ഫേസ് ബുക്കിൽ കുറിച്ചത്: ”ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉല്‍ഘാടനം ചെയ്ത അക്കാലത്തെ സതീശന്‍ ഇന്നത്തെ അല്‍ സതീശനായിരുന്നില്ല. പറവൂരിലെ ആദ്യ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് RSS നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് RSS വെറുക്കപ്പെട്ട പ്രസ്ഥാനവുമായിരുന്നില്ല. മഹാത്മാ ഗാന്ധി വരെ RSS പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും തന്റെ മുഖ്യമന്ത്രി സ്വപ്നത്തിനും തടസ്സം സംഘ പരിവാര്‍ ശക്തികളാണെന്ന തിരിച്ചറിവ് സതീശനെ തെല്ലൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന സതീശന്‍ RSS വിരോധം വോട്ട് നേടിത്തരുമെന്ന് വിചാരിക്കുന്നു. പണം തട്ടിപ്പ് കേസില്‍ തന്റെ ആരാധ്യനായ നേതാവ് രാഹുലിനെ ഇഡി മുട്ടില്‍ നിര്‍ത്തുമ്പോള്‍ സതീശന് RSS വിരോധം പാരമ്യതയിലെത്തുന്നു. കഴുതകാമം കരഞ്ഞ് തീര്‍ക്കട്ടെ എന്നാശിക്കാം.”
അതേസമയം, വിഡി സതീശന്‍ ആര്‍എസ്എസിനെതിരെ അപവാദ പ്രചരണം നടത്തുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.