NEWSWorld

പട്ടിണിയും ദാരിദ്രവും സഹിക്കാന്‍ വയ്യ; ഭയം വെടിഞ്ഞ് പ്രസിഡന്റിന്റെ വീടു കൈയേറി ലങ്കന്‍ ജനത, ഓടിയൊളിച്ച് ഗോതബയ; കലാപം രൂക്ഷം

കൊളംബോ: പ്രതിഷേധം മൂര്‍ധന്യത്തിലേക്കെത്തി ലങ്ക, വീടുവിട്ടോടി പ്രസിഡന്‍്‌റ്, ലങ്കയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ജീവിതം ദുസ്സഹമാക്കിയതോടെ ജനം പ്രസിഡന്റിന്‍െ്‌റ വീടു കൈയേറുന്നതടക്കമുള്ള കടുത്ത പ്രതിഷേധങ്ങളിലേക്ക് കടന്നതോടെ ലങ്കയില്‍ അരക്ഷിതാവസ്ഥ രൂക്ഷമായി.

സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് ലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതി കയ്യേറിയത്. ഇതോടെ ഗോത്തബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്.

പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാല്‍ കണ്ണീര്‍ വാതകം നിര്‍വീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ എത്തിയത്. സൈനികരുടെ ബാരിക്കേഡുകള്‍ തകര്‍ത്ത് കൊളംബോയില്‍ ജനപ്രളയം മുന്നേറുകയാണ്.

സമാനതകളില്ലാത്ത കലാപമാണ് ശ്രീലങ്കയില്‍ നടക്കുന്നത്. ജനങ്ങള്‍ പ്രതിഷേധവുമായി ഒഴുകിയെത്തിയപ്പോള്‍, സായുധരായി നിലകൊണ്ട സൈനികര്‍പോലും പിന്‍മാറേണ്ടിവന്നു. കലാപം വെടിവെപ്പിലേക്കും മരണങ്ങളിലേക്കും വഴിമാറി. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ വലഞ്ഞ ജനങ്ങള്‍ എല്ലാ ഭയങ്ങളും ഉപേക്ഷിച്ച് രാജ്യം പിടിച്ചടക്കുന്ന ദൃശ്യങ്ങളാണ് ലങ്കയില്‍നിന്നും പുറത്തുവരുന്നത്. പ്രതിഷേധക്കാരില്‍ ചിലര്‍ അത്യാധുനിക സ്വിമ്മിംഗ് പൂളും കൈയടക്കി. അവര്‍ നീന്തല്‍ക്കുളത്തില്‍ നിന്തിത്തിമിര്‍ത്തു. മറ്റ് ചിലരാവട്ടെ ഈ സമയത്ത് കൊട്ടാരത്തിലെ ഓരോ മുറികളും കൈയടക്കുകയായിരുന്നു. അവര്‍ ആഡംബര വസതിയിലാകെ തിമിര്‍ത്ത് നടന്നു.

ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വെച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ സ്ഥാനത്ത് തുടരുകയായിരുന്നു. ഗോതബയുടെയും രാജിക്കായി പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി വമ്പന്‍ ജനകീയറാലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധ റാലി തീരുമാനിച്ചത്. തുടര്‍ന്ന് ഭരണകൂടം ഇതിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അവര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സായുധ സൈന്യത്തെ വിന്യസിപ്പിച്ചു. എന്നാല്‍, പ്രതിഷേധവുമായി ഇരമ്പിയെത്തിയ പതിനായിരങ്ങളെ തടയാന്‍ ഒരു സൈന്യത്തിനും ആയുധങ്ങള്‍ക്കും കഴിഞ്ഞില്ല. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാനെത്തിയ മുന്‍മന്ത്രിയെയും ഇതിനിടെ രോഷാകുലരായ ജനക്കൂട്ടം കൈയേറ്റം ചെയ്തു.ഇതോടെ സൈന്യം തന്നെ പിന്‍വലിയുകയായിരുന്നു. അതിനിടെയാണ് പ്രസിഡന്റ് ഗോത്തബായ രാജപക്‌സെ കൊട്ടാരം വിട്ടോടിയെന്ന വാര്‍ത്തകള്‍ വരുന്നത്.

അതിനിടെ, പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയും തെരുവിലിറങ്ങി. പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്. ഗോത്തബയ രജപക്‌സെയുടെ വസതി പ്രതിഷേധക്കാര്‍ കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Back to top button
error: