കൊച്ചി: തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാന്‍ സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു.
കേസ് റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്നലെ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു.
സ്വപ്‌ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായി കെ.ടി. ജലീല്‍ നല്‍കിയ പരാതിയിലാണ് സ്വപ്‌ന സുരേഷ്, ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എന്നിവരെ പ്രതികളാക്കി ഗൂഢാലോചന കേസെടുത്തത്. സര്‍ക്കാരിനെ അപമാനിക്കാനും സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനും ശ്രമംനടത്തി എന്നാണ് പരാതിയില്‍ ജലീല്‍ ആരോപിച്ചിരുന്നത്.
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചെന്നതടക്കമുള്ള വെളിപ്പെടുത്തല്‍ സ്വപ്‌ന 164ല്‍ നല്‍കിയിരുന്നു. കെ.ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും 164ല്‍ വെളിപ്പെടുത്തലുകളുണ്ട്. ഇത് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്.
അതേസമയം, ലൈഫ് മിഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നല്‍കിയിരുന്നു.