തിരുവനന്തപുരം: ക്ഷേത്രത്തിലെ നിലവിളക്കുകളും പൂജയ്ക്കുള്ള തട്ടും ഉരുളിയും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. അരുമാനൂര്‍ കൊല്ലപഴിഞ്ഞി സ്വദേശി ജ്യോതിഷ് (33) ആണ് അറസ്റ്റിലായത്.
ഗുണ്ടാലിസ്റ്റില്‍പെട്ട നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ജ്യോതിഷിനെ പൂവാര്‍ പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പൂവാര്‍ സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍ പെട്ട ആളുമാണ് ഇയാളെന്ന് പൂവാര്‍ സബ് ഇന്‍സ്‌പെക്ടര്‍ തിങ്കള്‍ ഗോപകുമാര്‍ പറഞ്ഞു. അരുമാനൂര്‍ കൊല്ലപഴിഞ്ഞി പഞ്ചമി ക്ഷേത്രത്തില്‍നിന്നാണ് നിലവിളക്കുകളും പൂജാതട്ടങ്ങളും നിവേദ്യംവയ്ക്കുന്ന ഉരുളിയും ജ്യോതിഷ് മോഷ്ടിച്ചത്.
പൂവാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ തിങ്കള്‍ഗോപകുമാര്‍ , സലിം കുമാര്‍, അഭയകുമാര്‍, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.