KeralaNEWS

ബഫര്‍സോണ്‍: ഒന്നിച്ചെതിര്‍ത്ത് ഭരണ-പ്രതിപക്ഷങ്ങള്‍; പ്രമേയം പാസാക്കി നിയമസഭ

തിരുവന്തപുരം: ഭരണപ്രതിപക്ഷ ഭേദമില്ലാതെ ബഫര്‍സോണിനെതിരേ പ്രമേയം പാസാക്കി നിയമസഭ. സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് കേരളം ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമ നടപടി വേണമെന്നും ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി.

സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. ജൂണ്‍ മൂന്നിന് വിധി വന്ന ശേഷം ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കേന്ദ്ര നടപടി ആവശ്യപ്പെട്ട് പ്രമേയം.

വനം മന്ത്രി എകെ ശശീന്ദന്‍ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ നിയമസഹായം നല്‍കാനും ആവശ്യമെങ്കില്‍നിയമ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ആണ് പ്രമേയത്തിന്റെ ഉള്ളടക്കം.

ഭൂ വിസ്തൃതി വളരെ കുറഞ്ഞ പ്രദേശമാണ് കേരളം. 30 ശതമാനം വനമേഖലയാണ്. 40 ശതമാനത്തോളം പരിസ്ഥിതി പ്രാധാന്യമുള്ള മറ്റ് പ്രദേശങ്ങളുമുണ്ട്. വന മേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കിയാല്‍ കേരളത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. ജന ജീവിതം ദുസ്സഹമാകും. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ പരിധിയിള്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.

ജനവാസ മേഖലയടക്കം ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. 31/10/2019 ലെ മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കാന്‍ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതനുസരിച്ച് വനമേഖലയോട് ചേര്‍ന്ന് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയുള്ള പ്രദേശം സംരക്ഷിത മേഖലയാണ്. സുപ്രീംകോടതി വിധിക്കെതിരായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടും.

മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കാനോ തിരുത്താനോ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി. തീരുമാനം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും എംപവേര്‍ഡ് കമ്മിറ്റിക്കു മുന്നില്‍ കേരളം നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

 

Back to top button
error: