IndiaNEWS

മുക്താര്‍ അബ്ബാസ് നഖ്വിയുടെ രാജി: ന്യൂനപക്ഷകാര്യവകുപ്പ് സ്മൃതി ഇറാനിക്ക്, ഉരുക്ക് വകുപ്പ് സിന്ധ്യയ്ക്ക്

ദില്ലി: ഇന്ന് രാജിവച്ച കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവച്ച ഒഴിവിൽ ആ വകുപ്പിൻ്റെ ചുമതല സ്മൃതി ഇറാനിക്ക് നൽകി. ഉരുക്ക് മന്ത്രാലയത്തിൻ്റെ ചുമതലയുണ്ടായിരുന്ന ആര്‍സിപി സിംഗ് രാജിവച്ചതിനാൽ ആ വകുപ്പ് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നൽകി.

ഇന്ന് വൈകിട്ടോടെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവച്ചത്. ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി നല്കിയത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ മുക്താർ അബ്ബാസ് നഖ്വിയുടെ സേവനങ്ങളെ പ്രധാനമന്ത്രി പുകഴ്ത്തിയിരുന്നു. നഖ്വിയുടെ രാജ്യസഭ കാലാവധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി.

രാജ്യസഭയിലേക്ക് മൂന്നു ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും സീറ്റു നല്കാത്തതെന്നാണ് പാർട്ടി വിശദീകരണം. അതേസമയം ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്കായുള്ള ചർച്ചകളിൽ മുക്താർ അബ്ബാസ് നഖ്വിയുടെ പേരും ശക്തമായി ഉയരുന്നുണ്ട്. സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ബിജെപി തീരുമാനം രണ്ടു ദിവസത്തിലുണ്ടാകും. രാജ്യസഭ കാലാവധി പൂർത്തിയാക്കിയ കേന്ദ്രമന്ത്രി ആർസിപി സിംഗും രാജി നല്കും. ജെഡിയു ആർസിപി സിംഗിന് വീണ്ടും സീറ്റു നല്തിയിരുന്നില്ല. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന വിമര്‍ശനം ജെഡിയുവിൽ ആര്‍സിപി സിംഗിനെതിരെ ശക്തമായി ഉണ്ടായിരുന്നു.

Back to top button
error: