KeralaNEWS

സജിചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജിചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവല്ല ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സി.ആര്‍.പി.സി 156-3 പ്രകാരമാണ് കേസെടുക്കുക.

ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി സജി ചെറിയാനെതിരേ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശമെങ്കിലും ഇന്ന് കേസെടുക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് സജി ചെറിയാനെതിരേ കേസെടുക്കാനുള്ള ഉത്തരവ് വന്നത് എന്നത് സി.പി.എമ്മിന് ചെറിയ ആശ്വാസമായി. സജി ചെറിയാനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വിവാദമുണ്ടായി ഒറ്റ ദിവസം പിന്നിടമ്പോള്‍ത്തന്നെ നാല് പരാതികള്‍ സജി ചെറിയാനെതിരേ പത്തനംതിട്ട ജില്ലയില്‍ മാത്രം വന്നിരുന്നു. എന്നാല്‍ തണുപ്പന്‍ മാട്ടായിരുന്നു പോലീസിന്. ഇതിന് പ്രധാന കാരണം രാഷ്ട്രീയ സമ്മര്‍ദമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് രാജിയുണ്ടായത്.

അതേസമയം രാജി വച്ചെങ്കിലും തന്‍െ്‌റ വാക്കുകള്‍ വളച്ചൊടിച്ചതാണ് എന്ന നിലപാടിലാണ് സജി ചെറിയാന്‍. മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിച്ചെന്ന രീതിയിലാണ് വാര്‍ത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും അദ്ദേഹം രാജി തീരുമാനം അറിയിച്ച് നടത്തിയ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചു.

താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാനടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയില്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി. ഞാനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്നങ്ങളില്‍ എന്റെ പ്രസ്ഥാനം മുന്നില്‍ നിന്നു. കോണ്‍ഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും രാജിവച്ചുകൊണ്ട് സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Back to top button
error: