LIFENewsthen Special

കളം വരച്ചുള്ള കൊട്ട കളിയും….. മാണിക്കച്ചെമ്പഴുക്ക കളിയും….. പാറ കളിയും….. സാറ്റ് കളിയും……അങ്ങനെയും ഒരു കാലം.. റിട്ടയർഡ് ഹെഡ്മാസ്റ്റർ ബുഹാരി മാസ്റ്റർ ഓർമ്മകൾ അയവിറക്കുന്നു 

“ഇത്രയും ഭാരവും കൊണ്ടു ദിവസവും സ്‌കൂളിൽ പോകാൻ എനിക്ക് വയ്യ…..

എന്റെ തോൾ വേദനിക്കുന്നു….
ഞാൻ ഇവിടെയിരുന്ന് പഠിച്ചുകൊള്ളാം….”

അഞ്ചിൽ പഠിക്കുന്ന ഇളയമകൾ ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്നും തിരികെ വീടിനുമുന്നിൽ ജീപ്പിൽ വന്നിറങ്ങിയിട്ടു……
ബാഗും തൂക്കിക്കൊണ്ട് വീട്ടിലേയ്ക്കു കയറുന്നതിനിടയിൽ എന്റെ മുഖത്ത് നോക്കി പറഞ്ഞ വാചകങ്ങളാണിത്!!!!

ശാരീരികമായി റെസ്റ്റിലായതിനാൽ ഭാരം എടുക്കാൻ കഴിയില്ല…..
എങ്കിലും ആ ബാഗു ഒന്നു് എടുത്തുനോക്കാൻ ഞാൻ ശ്രമിച്ചു….!!!

സംഗതി……
അവൾ പറഞ്ഞതു ശരിതന്നെയാണ്…..
നല്ല ഭാരം!!!!!!!

ഇതുംകൊണ്ട് നടക്കുക എന്നു പറയുന്നത് അല്പം വൈഷമ്യം തന്നെയാണ്….

എന്താണിത്ര ഭാരം….?

നല്ല കട്ടിയുള്ള ആ
ബാഗു തുറന്നു നോക്കി…

പുസ്തകങ്ങൾ എല്ലാമുണ്ട്….

ഓരോ വിഷയത്തിനും ആവശ്യമായ നോട്ടുബുക്കുകൾ….
അതും നല്ല ഇരുന്നൂറ് പേജ് ബുക്കുകൾ…!!!
പിന്നെ ഭാഷയുടെ കോപ്പി ബുക്കുകൾ…..
വർക്കുബുക്കുകൾ…..
അങ്ങനെ ബുക്കുകൾ തന്നെ കുറേയുണ്ട്!!!!!

ചില ചാർട്ടുകൾ…..

ഉച്ചഭക്ഷണം കൊണ്ടുപോയ പാത്രം…

കുടിവെള്ളം കൊണ്ടുപോയ നല്ല സ്റ്റീലിന്റെ ബോട്ടിൽ….
അതിൽ കുറച്ചു വെള്ളവും ഉണ്ടു!!!!

കുട മടക്കി അതിനകത്തു വച്ചിട്ടുണ്ട്…..

ജ്യോമട്രി ബോക്സുണ്ട്….
വിവിധ കളറിലുള്ള പെൻസിലുകൾ…..

പിന്നെ പഠനത്തിനുള്ള ചില സഹായികൾ…..

അനാവശ്യമായ ഒന്നും അതിനകത്തില്ല……
എല്ലാം ഇന്നത്തേയ്ക്കാവശ്യമായ പഠന വസ്തുക്കൾ തന്നെ……

അപ്പോൾ രാവിലെ കൊണ്ടുപോകുമ്പോൾ…
ഉച്ചഭക്ഷണവും വെള്ളവും കൂടി ചേരുമ്പോൾ ഉള്ള ഭാരം എന്തായിരിക്കും!!!!!

അവൾ ഇതു പറഞ്ഞില്ലെങ്കിൽ മാത്രമേ അതിശയമുള്ളൂ….

അറിയാതെ നമ്മുടെ പഠന കാലം ഓർത്തുപോയി..!!!!

അന്നു…….. അഞ്ചിൽ പഠിക്കാൻ പോകുമ്പോൾ….

മലയാളം…പുസ്തകം കാണും….
ഇംഗ്ളീഷ്,ഹിന്ദി എന്നിവയില്‍ അക്ഷരം പഠിച്ചു തുടങ്ങുന്നതേയുള്ളൂ….
അതിനാൽ വലിയ പാഠപുസ്തകം ഇല്ല….!!!!

പിന്നെ ഒന്നല്ലെങ്കിൽ രണ്ടു നോട്ടുബുക്കും….

കണക്കിനായി ഒരു ബുക്കു…..
അതു എൺപതു പേജോ…
അല്ലങ്കിൽ പരമാവധി 120 പേജോ ആയിരിക്കും….

പിന്നെയുള്ള ഒരു ബുക്കിൽ….
ആദ്യം മലയാളവും….
പുറകിൽ നിന്നും ഇംഗ്ളീഷും….

ഇടയ്ക്ക് സയൻസും സാമൂഹ്യപാഠവും വല്ലതും എഴുതാനുണ്ടെങ്കിൽ അതും എഴുതും….!!!

കുടിവെളളം!!!!!
അതു അടുത്തവീട്ടിലെ കലത്തിൽ വച്ചിരിക്കും..
ഒരു ചിരട്ടയും അതിൽ കാണും…..
ഇന്റർവെല്ലിനോ മറ്റും ആവശ്യമുള്ളവർ അവിടെ പോയി അതിൽ നിന്നും കുടിക്കും…!!!
മിക്ക കുട്ടികളും വൈകുന്നേരം വീട്ടിലെത്തിയിട്ടാണ് വെള്ളം കുടിക്കുന്നത്….
അതിനാൽ വാട്ടർബോട്ടിൽ എന്ന വാക്കു തന്നെ പറയാറുമില്ല കേൾക്കാറുമില്ല!!!!!

കുട…..
രാവിലെ വരാൻ നേരം മഴയുണ്ടെങ്കിൽ….
ഒരു നല്ല വാഴയില അതിന്റെ കൈ ഉൾപ്പെടെ വെട്ടി തരും…..
സ്‌കൂളിൽ എത്തിയാൽ അതു വലിച്ചു അടുത്ത പുരയിടത്തിലേക്കെറിയും.
വൈകുന്നേരം മഴയുണ്ടെങ്കിൽ…..
അതും ശക്തമായ മഴയാണെങ്കിൽ എവിടെയെങ്കിലും കയറി നിൽക്കും…..

ചെറിയ മഴ ആയാൽ……
അതും നനഞ്ഞുകൊണ്ടുള്ള പോക്ക്…!!!!!
അതിന്റെ കാരണത്താൽ ഒരു പനിയും ജലദോഷവും വന്നതായും ഓർമ്മയില്ല…!!!

ഉച്ചഭക്ഷണം..!!!!
അന്ന് നാലുവരെ സ്‌കൂളിൽ നിന്നും ചോളം കിട്ടുമായിരുന്നു….
അതിനാൽ നാലാം ക്ലാസ്സുവരെ സ്‌കൂളിൽ പോകാൻ വലിയ ഉത്സാഹവും ഉണ്ടായിരുന്നു….
ഇന്നും ആ ചോളത്തിന്റെ രുചിയും……
അതു വിളമ്പുമ്പോൾ വരുന്ന ആ മണവും…..
ഓർമ്മയിലുണ്ട്…..
അല്പം കിട്ടിയിരുന്നെങ്കിൽ എന്നു വല്ലാതെ കൊതിക്കുന്നു…!!!!!
വലിച്ചു വാരി തിന്നുമായിരുന്നു….
ഇപ്പോൾ…..!!!!

അഞ്ചുമുതൽ അതില്ല….
രാവിലെ വയറു നിറയെ പഴങ്കഞ്ഞി കുടിച്ചിട്ട് വരുന്നതിനാൽ ഉച്ചയ്ക്ക് വിശക്കാറുമില്ല….

വിശന്നിട്ടു കാര്യമില്ലെന്നു വയറിനും മനസിനും നല്ലപോലെ അറിയാമായിരുന്നു….
അതിനാൽ തന്നെ അങ്ങനെ വിശപ്പു വൈകുന്നേരം വരെ തോന്നാറില്ല..!!!
ആയതിനാൽ പാത്രത്തിന്റെ ഭാരവുമില്ല!!!!

ജ്യോമട്രി ബോക്സ്…
അതെന്താണെന്നു എട്ടിൽ ആകുമ്പോഴാണ് കാണുന്നത് തന്നെ!!!!

എഴുത്തുപകരണങ്ങളായി ഒരു പെൻസിൽ കാണും…..
അതു ആഴ്ചയിലൊരിക്കലോ രണ്ടു പ്രാവശ്യമോ വെട്ടുന്നതിനാൽ നീളം കുറഞ്ഞു വരും…..
അതിനാൽ അതു ….
നിക്കറിന്റെ പോക്കറ്റിൽ കിടക്കും..!!!!
അല്ലാതെ പേന ഉപയോഗിക്കുന്നത് എട്ടിലാകുമ്പോൾ മുതലായിരുന്നു!!!!

സ്‌കൂൾ ബാഗ്..!!!!
അതു ആർക്കും ഇല്ലായിരുന്നു..!!!!

നാട്ടിൻപുറങ്ങളിലുള്ള കടകളിലും സ്‌കൂൾ തുറക്കൽ കാലത്തു സ്‌കൂൾ ബാഗ് കണ്ടിട്ടില്ല…!!!!

ബുക്കും പുസ്തകവും കൂടി ചേർത്തുവച്ചു…
അഞ്ചു പൈസ കൊടുക്കുമ്പോൾ കിട്ടുന്ന ഒരു കറുത്ത റബ്ബർ ഉണ്ടു…
അതുപയോഗിച്ചു വലിച്ചിട്ടാൽ….
എല്ലാം ഭദ്രമായി!!!!!

സ്‌കൂൾ ബാഗെന്ന ചിന്തപോലും വരില്ല!!!!!

ആഹാരം ഇല്ലങ്കിലും ഓട്ടത്തിനും കളിക്കും ഒന്നും ഒരു കുറവുമില്ലായിരുന്നു…

യു പി ക്ലാസ്സിൽ പഠിക്കുമ്പോൾ…
കബഡി കളി….
കിളിത്തട്ടുകളി….
തൊട്ടുകളി…..
കള്ളനും പോലീസും കളി……
ഗോലി കളി…..
(കച്ചി കളി എന്നും പറയും)
പുന്ന മരത്തിന്റെ കായ് ആയിരുന്നു ഗോലി ആയി ഉപയോഗിചിരുന്നതു…..
ഇന്നു ആ മരം തന്നെ എങ്ങും കാണാൻ ഇല്ല!!!!!!
ഓല കൊണ്ടുള്ള പന്തു കൊണ്ടു ”കട്ടയും പന്തും’ കളിക്കുക……

ഇതൊക്കെ ആയിരുന്നു ആൺകുട്ടികളുടെ വിനോദങ്ങൾ..!!!!!

പെൺകുട്ടികൾ കൂടുതലും കളം വരച്ചുള്ള കൊട്ട കളിയും…..
മാണിക്കച്ചെമ്പഴുക്ക കളിയും…..
പാറ കളിയും……
(ചൊക്കൻ കളി എന്നും പറയാറുണ്ടായിരുന്നു)…
സാറ്റ് കളിയും……

മിക്ക ദിവസങ്ങളിലും എന്തെങ്കിലും പാച്ചുവർക്കുകൾ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്….
ഓട്ടവും കളിയുമായതിനാൽ..!!!

അതൊന്നും ആരും ശ്രദ്ധിക്കാറുമില്ല!!!!

രാവിലെ വരുന്നതിനേക്കാൾ സന്തോഷത്തോടെ…..
വൈകിട്ട് തിരികെ…..

ആടിയും…… പാടിയും….
മാവിലെറിഞ്ഞും…..
ഓടിക്കളിച്ചും വീട്ടിലെത്തും!!!!!!

നാലും അഞ്ചും കിലോമീറ്റർ ദൂരത്തു നിന്നും കുട്ടികൾ നടന്നു വരുകയും…..
തിരികെ പോകുകയും ചെയ്തിരുന്നു…..

ഇടവഴികളിലൂടേയും….
ഒറ്റപ്പെട്ട വഴികളിലൂടെയും പോകാനും വരാനും ഒരു ഭയവും അന്ന് ഉണ്ടായിരുന്നില്ല…!!!!

പഴയ കാലത്തിന്റെ ഈ ഓർമ്മകളിൽ നിന്നും പെട്ടെന്നു തിരികെവന്നിട്ടു…….
പരാതി പറഞ്ഞ മകളോട് ഈ കാര്യങ്ങൾ ചെറുതായി ഒന്നു സൂചിപ്പിച്ചു…!!!!

“ഇത്രയും ദൂരം നടന്നുപോയി പഠിക്കാനും വിശന്നിരിക്കാനും….
ഞങ്ങൾക്ക് വിഷമമുണ്ടായില്ല……..
നിങ്ങളൊക്കെ വീട്ടിനു മുന്നിൽ നിന്നും വണ്ടിയിൽ കയറുന്നു….
തിരികെ വന്നിറങ്ങുന്നു…
പതിനൊന്നു മണിക്കും…
ഉച്ചയ്ക്കും….
മൂന്നു മണിയ്ക്കും കഴിക്കാൻ കൊണ്ടു പോകുന്നു…..”

ഇത്രയും പറഞ്ഞപ്പോൾ….

” ഒന്നു പോ വാപ്പച്ചി…..
വെറുതെ തള്ളി മറിയ്ക്കാതെ…….
കേട്ടു കേട്ടു മടുത്തു….
എന്നു തീരും ഈ തള്ളൽ……”

എന്നും പറഞ്ഞു അവൾ അകത്തേയ്ക്കു പോയി….!!!!

പത്തു വയസ്സുള്ള ഈ തലമുറയോട് എന്തു പറയാൻ…??????
ഓർമ്മകൾ അയവിറക്കി മര്യാദയ്ക്ക് ഇരിക്കുന്നതായിരിക്കും നല്ലതു…!!!!!
ഇല്ലെങ്കിൽ ഈ തലമുറ നമ്മളെ പഞ്ഞിക്കിടും!!!!!!

പഴയകാല സ്‌കൂൾ ജീവിതം ഓർക്കുന്നുണ്ടോ…!!!!?

അന്ന് സ്‌കൂളിൽ പോയതും…..
കളിച്ചതും….
അടി കൂടിയതും….
വീണതും…
മുറിഞ്ഞതും…..
മഴ നനഞ്ഞതും…..
എല്ലാം എല്ലാം…!!!!!!!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: