KeralaNEWS

സജി ചെറിയാന്റെ രാജിയിലുറച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. ഭരണ ഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമര്ശിച്ചത് എന്ന മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപി എം തള്ളിയിരുന്നു. എന്നാൽ വിശദീകരണത്തിലും മന്ത്രി വിവാദ പ്രസംഗത്തിലെ നിലപാട് ആവർത്തിച്ചു എന്നാണ് പ്രതിപക്ഷ വിമർശനം. പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനു കാത്തിരിക്കുന്നു എന്നാണ് ഗവർണ്ണർ പറഞ്ഞത്. മുഖ്യമന്ത്രി സഭയിൽ എന്ത് പ്രതികരണം നടത്തും എന്നത് നിർണ്ണായകമാണ്. മുഖ്യമന്ത്രി സജിയെ പിന്തുണച്ചാൽ രാജ്ഭവന്‍റെ അടുത്ത നീക്കവും പ്രധാനമാണ്. രാജി ആവശ്യം തള്ളുമ്പോഴും ആരെങ്കിലും പരാതി നൽകിയാൽ കോടതി സ്വീകരിക്കുന്ന നിലപാടിൽ സർക്കാരിന് ആശങ്ക ഉണ്ടാകും.

അതേസമയം സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്നാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ യുടെ വിലയിരുത്തൽ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി.

അതിനിടെ വിവാദത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. വിഷയം താൻ അറിഞ്ഞത് മണിക്കൂറുകൾ മുമ്പാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്നാണ് വിശ്വാസമെന്നും പറഞ്ഞു. മന്ത്രി മാപ്പ് പറഞ്ഞതായി താൻ അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞു. ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാർ അധികാരത്തിലേറുന്നതെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

അതിനിടെ മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല വിമർശിച്ചതെന്ന് ആവർത്തിക്കുകയാണ് മന്ത്രി സജി ചെറിയാൻ. ഭരണകൂടത്തെയാണ് താൻ വിമർശിച്ചത്. മന്ത്രി മാത്രമല്ലെന്നും താൻ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടൻ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തിൽ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

Back to top button
error: