ദില്ലി: പറക്കലിനിടെ തകരാര്‍ കണ്ടെത്തിയ സ്‌പൈസ് ജെറ്റ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. ദില്ലിയില്‍ നിന്നും ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനമാണ് യാത്രമുടങ്ങി കറാച്ചിയില്‍ ഇറക്കിയത്.
ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയതെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ വിശദീകരിച്ചു. എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ല സാധാരണ ലാന്‍ഡിംഗ് തന്നെയാണ് വിമാനം നടത്തിയതെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കറാച്ചിയിലേക്ക് പകരം വിമാനം അയച്ചതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.
കഴിഞ്ഞ മാസം സ്‌പൈസ് ജെറ്റിന്റെ ദില്ലിയിലേക്കുള്ള വിമാനം പാറ്റ്‌നയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിരുന്നു. പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതാണ് എമര്‍ജന്‍സി ലാന്‍ഡിംഗിലേക്ക് നയിച്ചത്. 185 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
രണ്ട് ദിവസം മുമ്പ് സ്‌പൈസ് ജെറ്റിന്റെ ദില്ലി ജബല്‍പൂര്‍ വിമാനം കാബിനില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. വിമാനം 5,000 അടി ഉയരത്തില്‍ ഇരിക്കെയാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. ഉയരം കൂടുംതോറും പുക കൂടിയതോടെ, ഫയര്‍ അലാം പുറപ്പെടുവിച്ച ശേഷം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.