IndiaNEWS

വിശ്വാസവോട്ടും കടന്ന് ഷിന്‍ഡെ; പിന്തുണച്ച് 164 എംഎല്‍എമാര്‍

മുംബൈ: കാലുമാറ്റങ്ങള്‍ തുടരുന്ന മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ജയിച്ച് ഏക്‌നാഥ് ഷിന്‍ഡെ. വിശ്വാസവോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ നേടിയാണ് ജയം. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എകൂടി ഷിന്‍ഡെ പക്ഷത്തേക്ക് ചാടുന്നതാണ് വോട്ടെടുപ്പില്‍ കാണാനായത്. സര്‍ക്കാരിനെ അനുകൂലിച്ച് 164 എംഎല്‍എമാര്‍ വോട്ട് ചെയ്തു.

99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടു വോട്ടുകളുടെ കുറവ് പ്രതിപക്ഷത്തിനുണ്ടായി. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു.

സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിന്ദേ പക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേന എംഎല്‍എ. ഇന്ന് രാവിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി.ഡബ്ല്യു.പി.ഐ എംഎല്‍എ ശ്യാംസുന്ദര്‍ ഷിന്ദേയും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഹുല്‍ നര്‍വേക്കര്‍ക്ക് 164 വോട്ടുലഭിച്ചപ്പോള്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. കക്ഷികളുടെ സംയുക്തസ്ഥാനാര്‍ഥിയായ രാജന്‍ സാല്‍വിക്ക് ലഭിച്ചത് 107 വോട്ടാണ്.

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ, ശിവസേനയില്‍നിന്ന് വഴിപിരിഞ്ഞശേഷമുള്ള ആദ്യചുവടില്‍ വിജയം കൈവരിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡേക്കായിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിലും ഷിന്‍ഡേ വന്‍വിജയം കൈവരിച്ചിരിക്കുന്നത്. അതേസമയം ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ മാസം 11 ന് മറ്റ് ഹര്‍ജികള്‍ക്കൊപ്പം ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കും.

ഏറെ നാടകീയതയ്‌ക്കൊടുവിലാണ് മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസും ചുമതലയേറ്റത്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്‌നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സ്ഥാനം ഏല്‍ക്കുകയായിരുന്നു.

Back to top button
error: