കൊച്ചി: വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് യൂട്യൂബര്‍ക്കെതിരേ കേസെടുത്ത് പോലീസ്. യു ട്യൂബ് ചാനല്‍ ഉടമയും അവതാരകനുമായ സൂരജ് വി സുകുമാറി(സൂരജ് പാലാക്കാരന്‍)നെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തത്.
പാലാ കടനാട് സ്വദേശിയായ സൂരജ് യൂട്യൂബ് ചാനലിലൂടെ മോശമായി ചിത്രീകരിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.
ടി.പി. നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിയായ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.
പരാതിക്കാരി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ്. ഏപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വച്ച് സംസ്ഥാനത്തെ വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു.നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി,അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു.
കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗണ്‍ പൊലീസില്‍ പൊലീസില്‍ പരാതി നല്‍കി. ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്നുമായിരുന്നു നന്ദകുമാറിനെതിരായ യുവതിയുടെ പരാതി. തുടര്‍ന്ന് പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച നന്ദകുമാര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും സെഷന്‍സ് കോടതി തള്ളി.