ദൈവങ്ങളുടെ വാസസ്ഥലം എന്നാണ് ബാലി അറിയപ്പെടുന്നത്. പുറമേ നിന്നുള്ളവര്‍ക്ക് വിചിത്രമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള വിശ്വാസങ്ങളാല്‍ സമ്പന്നമായ ക്ഷേത്രങ്ങളാണ് ബാലിയുടെ പ്രത്യേകത. അതിലേറ്റവും പ്രാധാന്യമേറിയത് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം എളുപ്പമായിരിക്കില്ല. എന്നാല്‍ അതില്‍ ഒഴിവാക്കരുതാത്ത ഒരിടമാണ് താനാഹ് ലോട്ട്. കടലിന്‍റെ തീരത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകളുടെ വളരെ സവിശേഷമായ രൂപകല്പനയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ബാലിയുടെ വിശ്വാസങ്ങളുടെ ഭാഗമായ താനാഹ് ലോട്ടിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.
ബാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒന്നായി വിനോദ സഞ്ചാരഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് തനാഹ് ലോട്ട്. യഥാര്‍ത്ഥത്തില്‍ കടല്‍ തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു പാറക്കെട്ടാണ് തനാ ലോട്ട്. ബാലി ഫോട്ടോകളുടെ ഐക്കണ്‍ എന്നാണിവിടം വിളിക്കപ്പെടുന്നത്. ബാലിയിലെ ഒഴിവാക്കാനാവാത്ത, കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലമായതിനാല്‍ മിക്കപ്പോഴും ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
താനാഹാ ലോത്ത് എന്നാല്‍ ഇവിടുത്തെ ബാലിനീസ് ഭാഷയില്‍ കടലിലെ കര എന്നാണ് അര്‍ത്ഥം. തബാനൻ സിറ്റിയുടെ തെക്ക് 13 കിലോമീറ്റർ അകലെയുള്ള തബാനൻ റീജൻസിയിലെ കെദിരി ജില്ലയിലെ ബെരാബൻ വില്ലേജിലാണ് തനാ ലോട്ട് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളായുള്ള കടല്‍ വേലിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ട പാറയിലാണ് ഈ ക്ഷേത്രമുള്ളത്. പുരാ താനാഹാ ലോട്ട് എന്നാണ് ഇവിടുത്തെ ക്ഷേത്രം അറിയപ്പെടുന്നത്.
ബാലിനീസ് തീരത്തിന് ചുറ്റുമുള്ള എട്ട് കടൽ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. പെനതാരൻ ക്ഷേത്രം, പുര പെനിയവാങ്, ജെറോ കണ്ടാങ് ക്ഷേത്രം, എൻജംഗ് ഗാലു ക്ഷേത്രം, ബട്ടു ബൊലോംഗ് ക്ഷേത്രം, ബട്ടു മേജൻ ക്ഷേത്രം, പുര പകെന്ദുങ്കൻ, ത്രി അന്താക സ്മാരകം എന്നിവയാണ് തനാ ലോട്ട് പ്രദേശത്തെ ഈ എട്ട് ക്ഷേത്രങ്ങൾ.
താനാഹാ ലോട്ട് ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളോട‌് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ഇവിടുത്തെ വിശുദ്ധ നാഗത്തിന്‍റെ കഥ. ക്ഷേത്രത്തെ അക്രമികളില്‍ നിന്നും ദുഷ്ടാത്മാക്കളില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പാറക്കടയില്‍ വസിക്കുന്ന നാഗത്തിന്‍റേത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നിരാര്‍ത്തയാണ് ക്ഷേത്ര സംരക്ഷണത്തിനായി തന്റെ ശക്തിയുയോഗിച്ച് നാഗത്തെ സൃഷ്ടിച്ചതത്രെ. വെളുപ്പും കറുപ്പും നിറമുള്ള ഈ നാഗത്തിന് കഠിനമായ വിഷം പുറപ്പെടുവിക്കുവാനും സാധിക്കുമത്രെ. തനാ ലോട്ട് ക്ഷേത്രം സന്ദർശിക്കുമ്പോൾ സന്ദർശകർക്ക് മോശം ഉദ്ദേശ്യങ്ങളില്ലെങ്കിൽ, വിശുദ്ധ പാമ്പ് അവരെ ആക്രമിക്കില്ലെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
210 ദിവസത്തിലൊരിക്കൽ പൂജവാലി എന്ന ചടങ്ങ് ഇവിടെ ക്ഷേത്രത്തില്‍ നടക്കുന്നു.കുനിംഗൻ ദിനത്തിന് 4 ദിവസത്തിന് ശേഷമാണ് തനാ ലോട്ടിലെ ചടങ്ങ്. തനാ ലോട്ടിൽ വിശുദ്ധ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഇന്തോനേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികളെത്തുന്നു.
കടലിനാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിൽ ശുദ്ധജലം ഉണ്ടെന്നത് അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത തന്നെയാണ്. തനാ ലോട്ട് ക്ഷേത്ര പ്രദേശത്ത് ഒരു വിശുദ്ധ നീരുറവയുണ്ട്. ഈ വിശുദ്ധ നീരുറവ വിശുദ്ധ ജല ഗുഹയിൽ കാണപ്പെടുന്നു. പുരാണമനുസരിച്ച്, വിവിധ രോഗങ്ങളെ സുഖപ്പെടുത്താനുള്ള കഴിവ് തനാ ലോത്ത് ഉറവയ്ക്കുണ്ടത്രെ.