കുട്ടനാട്ടില് നെല്ച്ചെടിയില് പുതിയയിനം ബാക്ടീരിയ
ആലപ്പുഴ: കുട്ടനാട്ടിലെ നെല്ക്കൃഷിക്ക് ഭീഷണി ആയേക്കാവുന്ന പുതിയയിനം ബാക്ടീരിയയെ കണ്ടെത്തി. കുട്ടനാട്ടില് വ്യാപകമായി കണ്ടുവരുന്ന ബാക്ടീരിയല് ഇല കരിച്ചിലിന് സമാനമായ ലക്ഷണങ്ങളോടെ നെല്ക്കതിരിനെ കൂടി ബാധിക്കുന്ന രോഗമാണ് പുതിയ ബാക്ടീരിയ സൃഷ്ടിക്കുന്നത്.
പാന്റോയിയ അനനേറ്റിസ് എന്ന ജനുസില്പ്പെട്ട ഈ ബാക്ടീരിയയെ ആലപ്പുഴ എസ്ഡി കോളേജ് ബോട്ടണി ഗവേഷണ വിഭാഗമാണ് കണ്ടെത്തിയത്. കേരളത്തില് ആദ്യമായാണ് ഈ ബാക്ടീരിയയെ കണ്ടെത്തുന്നത്. ആലപ്പുഴ എസ്.ഡി കോളജ് ബോട്ടണി വിഭാഗം മേധാവി പ്രഫ. ഡോ. സി. ദിലീപിന്റെ കീഴില് ഗവേഷണം നടത്തുന്ന ടി.എസ്. രേഷ്മ, മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിലെ സ്മിത ബാലനുമാണ് കണ്ടെത്തലിന് പിന്നില്.
2021 ജൂെലെ മാസത്തോടെയാണ് കൂട്ടനാട്ടിലെ പാട ശേഖരങ്ങളില് രോഗ ബാധ ശ്രദ്ധയില് പെട്ടത്. അസുഖം ബാധിച്ച സ്ഥലങ്ങളുടെ നിര്ണയവും, സാംപിള് ശേഖരണവും മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം നടത്തിയപ്പോള് ഇതിന് കാരണമായ ബാക്ടീരിയയെ വേര്തിരിക്കുകയും ജനിതക ശ്രേണീ പഠനവും നടത്തി ജെന് ബാങ്കില് നിക്ഷേപിച്ചതടക്കം എസ്.ഡി കോളജ് ഗവേഷണ കേന്ദ്രമാണ്. പിന്നീടുള്ള പഠനത്തിലാണ് ബാക്ടീരിയയുടെ രോഗ വ്യാപനത്തിനുള്ള ശേഷിയടക്കമുള്ളവ പരിശോധിക്കുകയും, നിലവില് താരതമ്യേന കുറഞ്ഞ തോതിലുളള രോഗവ്യാപനം ഭാവിയില് ഭീഷണി സൃഷ്ടിച്ചേക്കാവുന്നതാണെന്ന് കണ്ടെത്തല് ഉണ്ടാവുന്നത്.
സസ്യരോഗ ശാസ്ത്രത്തിലെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ കനേഡിയന് ജേര്ണല് ഓഫ് പ്ലാന്റ് പതോളജിയുടെ ജൂെലെ മാസത്തിലെ ലക്കത്തിലാണ് ഈ കണ്ടെത്തല് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാവിയില് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബാക്ടീരിയയുടെ നിയന്ത്രണ മാര്ഗങ്ങളെക്കുറിച്ചുള്ള തുടര് ഗവേഷണത്തിലാണ് എസ്.ഡി. കോളജ് ബോട്ടണി വിഭാഗവും മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രവും. മൂന്നു വര്ഷമായി കുട്ടനാട്ടിലെ ബാക്ടീരിയകളെ സംബന്ധിച്ചു പഠനം നടത്തുന്ന രേഷ്മ പ്രളയശേഷമുള്ള ബാക്ടീരിയകളുടെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട പഠനങ്ങളും അതോടൊപ്പം അഞ്ച് ജന്ബാങ്ക് നിക്ഷേപങ്ങളും ഉള്ള ഗവേഷകയാണ്.