മുംബൈ: പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ നുപൂര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പ്രതികരണം നടത്തിയതിന്‍െ്റ പേരില്‍ മുമ്പും കൊലപാതകം നടന്നതായി വിവരം. മഹാരാഷ്ട്രയില്‍ മെഡിക്കല്‍ സ്റ്റോറുടമയെ കൊലപ്പെടുത്തിയത് നൂപുര്‍ ശര്‍മയെ പിന്തുണച്ചതിനാണെന്നും ഉദയ്പുരില്‍ കൊലനടത്തിയ രീതിയില്‍തന്നെയാണ് മുംബൈയില്‍ കൊല നടന്നതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 21നാണ് മഹാരാഷ്ട്രയിലെ അമരാവതി നഗരത്തില്‍ മെഡിക്കല്‍ ഷോപ്പ് ഉടമയായ ഉമേഷ് കോല്‍ഹെയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതക കേസിന്‍െ്റ അന്വേഷണം ഏറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംബന്ധമായി മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും അമരാവതിയിലേക്ക് തിരിച്ചതായാണ് വിവരം.
പ്രവാചകനെക്കുറിച്ച് വിവാദ പരാമര്‍ശമുന്നയിച്ച ബിജെപി മുന്‍ വക്താവ് നൂപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ഇയാള്‍ അബദ്ധത്തില്‍ വാട്സ് ആപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസും പറയുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. കേസില്‍ അമരാവതി സ്വദേശികളായ മുദ്ദ്സിര്‍ അഹമ്മദ് (22), ഷാരൂഖ് പത്താന് (25), അബ്ദുള്‍ തൗഫീക്ക് (24) ഷോയിബ് ഖാന് (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയും എന്‍ജിഒ നടത്തിപ്പുകാരനുമായ ഇര്ഫാന് ഖാനെ (32) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്ന് അമരാവതി പൊലീസ് കമ്മീഷണര്‍ ഡോ. ആരതി സിംഗ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നൂപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു പോസ്റ്റ് ഇദ്ദേഹം ഷെയര്‍ ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. തന്റെ കസ്റ്റമേഴ്സ് ഉള്‍പ്പെടെ അംഗങ്ങളായ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അദ്ദേഹം പോസ്റ്റ് ഷെയര്‍ ചെയ്തെന്ന് പൊലീസ് പറഞ്ഞു. നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന് ഉമേഷിനെ വധിക്കാന്‍ ഇര്ഫാന് ഖാന് ഗൂഢാലോചന നടത്തുകയും അതിനായി അഞ്ച് പേരെ ചുമതലപ്പെടുത്തുകയും ചെയ്തു. 10,000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് കൊലയാളികളെ ഏര്‍പ്പാടാക്കിയത്.
ജൂണ്‍ 21ന്, കടയടച്ച് ഇരുചക്രവാഹനത്തില്‍ ഉമേഷ് വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഈ സമയം മറ്റൊരു വാഹനത്തില്‍ മകന് സങ്കേതും (27) ഭാര്യ വൈഷ്ണവിയും ഉമേഷിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം മഹിളാ കോളേജിന്റെ ഗേറ്റിന് സമീപം എത്തിയപ്പോള്‍ രണ്ട് മോട്ടോര്‍ സൈക്കിളില്‍ എത്തിയവര്‍ ഉമേഷിന്റെ വഴി തടയുകയും ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി ഇയാളുടെ കഴുത്തില്‍ കുത്തുകയും രക്ഷപ്പെടുകയും ചെയ്തു. വഴിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന ഇയാളെ മകന് സങ്കേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ് പിടിച്ചെടുത്തു. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഉമേഷിന്റെ കൊലപാതകവും ഉദയ്പൂരിലെ തയ്യല്കടയുടമ കനയ്യ ലാലിന്റെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന്് മഹാരാഷ്ട്രയിലെ പ്രദേശിക ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. ഉമേഷിന്റെ കൊലപാതകത്തിന് നൂപുര്‍ ശര്‍മയുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധമുണ്ട്. പോലീസും അങ്ങനെയാണ് കരുതുന്നത്. കൊലപാതകികള്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്, പക്ഷെ പോലീസ് ഇക്കാര്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് അമരാവതിയിലെ ബിജെപി നേതാവ് തുഷാര്‍ ഭാരതീയ ആരോപിച്ചു. ജൂണ്‍ 21നാണ് ഉമേഷ് കൊല്ലപ്പെട്ടത്. അടുത്തദിവസം തന്നെ ഇത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കനയ്യ ലാല്‍ കൊല്ലപ്പെടില്ലായിരുന്നെന്നും ബി.ജെ.പി ആരോപിക്കുന്നു.