NEWSWorld

മൂന്നു മാസം ശമ്പളം മുടങ്ങിയാല്‍ തൊഴിലുടമയെ മാറ്റാം; സൗദിയില്‍ ഗാര്‍ഹിക തൊഴില്‍നിയമത്തില്‍ ഭേദഗതി

റിയാദ്: സൗദിയില്‍ മൂന്നു മാസം ശമ്പളം മുടങ്ങുന്നത് ഉള്‍പ്പടെ തൊഴിലുടമയില്‍ നിന്ന് തൊഴിലാളി വിരുദ്ധ നടപടികള്‍ ഉണ്ടായാല്‍ വീട്ടുജോലിക്കാര്‍ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാം. സൗദി മാനവിക വിഭവശേഷി മന്ത്രാലയം ഗാര്‍ഹിക തൊഴില്‍നിയമത്തില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണിത്.

ഹൗസ് ഡ്രൈവര്‍, മറ്റ് വീട്ടുജോലിക്കാര്‍ തുടങ്ങി ഗാര്‍ഹിക വിസയിലുള്ള തൊഴിലാളികളെ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കുന്നതാണ് ഭേദഗതി. ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് അനുവദിക്കുന്നത്. ശമ്പളം മുടങ്ങുന്നതുള്‍പ്പടെ തൊഴിലാളിക്ക് എതിരായ നടപടികള്‍ തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളിലാണ് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്ക് തൊഴില്‍ മാറ്റാന്‍ സ്വാതന്ത്ര്യം.

Signature-ad

ഒരു കാരണവുമില്ലാതെ മൂന്ന് മാസം തുടര്‍ച്ചയായി ശമ്പളം മുടങ്ങുക, അല്ലെങ്കില്‍ ഇടവിട്ട മാസങ്ങളില്‍ ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുത്തുക, നാട്ടില്‍ നിന്ന് വിസയിലെത്തുമ്പോള്‍ സൗദിയിലെ വിമാനത്താവളങ്ങളില്‍ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ വരാതിരിക്കുക, വിസയില്‍ രാജ്യത്തെത്തി 15 ദിവസത്തിനുള്ളില്‍ താമസ സൗകര്യവും ഇഖാമയും നല്‍കാതിരിക്കുക, ഇഖാമയുടെ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ പുതുക്കാതിരിക്കുക, തൊഴിലാളിയെ മറ്റൊരു വീട്ടില്‍ ജോലിക്ക് നിയോഗിക്കുക, ആരോഗ്യത്തിനോ സുരക്ഷിതത്വത്തിനോ ഭീഷണിയാകുന്ന അപകടകരമായ ജോലിക്ക് നിയോഗിക്കുക, വീട്ടുടമയോ കുടുംബാംഗങ്ങളൊ മോശമായി പെരുമാറുക തുടങ്ങിയ ഏതെങ്കിലും കാരണമുണ്ടായാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം.

Back to top button
error: