NEWSWorld

വൈദ്യുതി പ്രതിസന്ധി; പാകിസ്ഥാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തുന്നു ?

പാക്കിസ്ഥാനിൽ വൈദ്യുതി മുടക്കം രൂക്ഷമായ സാഹചര്യത്തിൽ മൊബൈൽ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തിവെക്കാൻ ഇടയുണ്ടെന്ന് ടെലികോം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകി. “രാജ്യത്തുടനീളം നീണ്ട മണിക്കൂർ വൈദ്യുതി തടസ്സം കാരണം മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ച് പാകിസ്ഥാനിലെ ടെലികോം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, വൈദ്യുതി തടസ്സം അവരുടെ പ്രവർത്തനങ്ങളിൽ പ്രശ്‌നങ്ങളും തടസ്സവും ഉണ്ടാക്കുന്നു.” എന്ന് നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ്  ട്വിറ്ററിൽ കുറിച്ചു, അതിനിടെ ജൂലൈ മാസത്തിൽ വർധിച്ച ലോഡ് ഷെഡിംഗ് നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാന് ആവശ്യമായ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) വിതരണം നേടാനായില്ലെന്നും കരാർ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് സഖ്യ സർക്കാരെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്‍റെ പ്രതിമാസ ഇന്ധന എണ്ണ ഇറക്കുമതി ജൂണിൽ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് റിഫിനിറ്റിവ് ഡാറ്റ കാണിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു. എന്നാല്‍ വൈദ്യുതി ഉൽപാദനത്തിനായി എൽഎൻജി വാങ്ങാൻ പാകിസ്ഥാന്‍ പാടുപെടുകയെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രകൃതി വാതക വിതരണത്തിനുള്ള കരാറിൽ ധാരണയിലെത്താത്തതിനെ തുടർന്നാണ് പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. ഉയർന്ന വിലയും കുറഞ്ഞ പങ്കാളിത്തവും കാരണം വ്യാപകമായ പവര്‍കട്ടുകള്‍ നേരിടാൻ രാജ്യം ഇതിനകം നടപടിയെടുക്കുന്നതിനാൽ ജൂലൈയിലെ ടെൻഡറുകൾ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൊതുപ്രവർത്തകരുടെ ജോലി സമയം വെട്ടിക്കുറച്ചും കറാച്ചി ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഫാക്ടറികളിലേക്കുള്ള വൈദ്യുതി വിതരണം കുറച്ചും ഷോപ്പിംഗ് മാളുകൾ നേരത്തേ അടച്ച് പൂട്ടിയും പാകിസ്ഥാൻ സർക്കാർ ഊർജ്ജ സംരക്ഷണത്തിനുള്ള ശ്രമമാരംഭിച്ചു. പാകിസ്ഥാന്‍റെ ദീർഘകാല ഇന്ധന വിതരണ കരാറുകള്‍ ഖത്തറുമായി 2016 ലും 2021 ലും ഒപ്പിട്ട രണ്ട് കരാറുകളാണ്. പാകിസ്ഥാന് നിലവിൽ മൂന്ന് പ്രതിമാസ ഇന്ധന കയറ്റുമതി ലഭിക്കുന്നുണ്ടെങ്കിലും രാജ്യം കടുത്ത വൈദ്യുതി പ്രസിന്ധിയുടെ പിടിയിലാണ്. വൈദ്യുതി ഉൽപ്പാദനത്തിനായി എൽഎൻജിയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ ശീതീകരിച്ച ഇന്ധനത്തിന്‍റെ സംഭരണം ചെലവേറിയതായി മാറി.

നിലവിലുള്ള കരാറിന് കീഴില്‍ കൂടുതല്‍ കയറ്റുമതിയും അതോടൊപ്പം അഞ്ചോ പത്തോ വര്‍ഷത്തെ പുതിയ എൽഎൻജി വിതരണ കരാറിനെക്കുറിച്ചും ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി ചീഫ് എക്‌സിക്യൂട്ടീവുമായ സാദ് അൽ-കാബിയുമായി ചർച്ചകൾ നടത്തിയതായി പാകിസ്ഥാൻ പെട്രോളിയം മന്ത്രി മുസാദിക് മാലിക് പറഞ്ഞു.

രാജ്യത്തിന് മുടങ്ങിക്കിടക്കുന്ന 6 ബില്യൺ ഡോളറിന്‍റെ പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിശ്ചയിച്ചിട്ടുള്ള കർശനമായ മുൻവ്യവസ്ഥകൾ നടപ്പിലാക്കാനായി ഇതിനിടെ പാകിസ്ഥാൻ സർക്കാർ പെട്രോളിയം വില കുത്തനെ വർദ്ധിപ്പിച്ചു. ജൂൺ 30 അർദ്ധരാത്രി മുതൽ തീരുമാനം പ്രാബല്യത്തില്‍ വരുമ്പോള്‍ എല്ലാ പെട്രോളിയം ഉൽപന്നങ്ങൾക്കും ലിറ്ററിന് ഏകദേശം 14-19 പാകിസ്ഥാൻ രൂപ വര്‍ദ്ധിച്ചെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിൽ അധികാരമേറ്റ നിലവിലെ സർക്കാരിന് കീഴിൽ ഇത് നാലാമത്തെ പെട്രോളിയം വില വർദ്ധനയാണ്. മുടങ്ങിക്കിടക്കുന്ന ബെയ്‌ലൗട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ വൈദ്യുതി താരിഫ് വർധിപ്പിക്കുക, പെട്രോളിയം ഉൽപന്നങ്ങൾക്ക് ലെവി ചുമത്തുക തുടങ്ങിയ കടുത്ത മുൻകരുതലുകളാണ് ഐഎംഎഫ് മുന്നോട്ടുവച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലെവി ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: