CareersNEWS

ഇന്ത്യയില്‍ ആദ്യം; പട്ടികവര്‍ഗക്കാരെ സിവില്‍ സര്‍വീസിലെത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം

കൂടുതല്‍ പിന്നാക്കവിഭാഗ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

തിരുവനന്തപുരം: പട്ടികവര്‍ഗ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസിലെത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. പട്ടികവര്‍ഗക്കാരായ ബിരുദധാരികള്‍ക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായ 30 വയസ്സില്‍ താഴെയുള്ളവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. താമസ-ഭക്ഷണ സൗകര്യത്തോടെ നടക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഇന്ത്യയിലെവിടെയുമുള്ള മികച്ച കേന്ദ്രത്തില്‍ പഠിച്ച് പരീക്ഷ എഴുതാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നത്.

പിന്നാക്കവിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് എത്തിക്കുമെന്നും ഇതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ദേവസ്വം- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പിന്നാക്കവിഭാഗം ആളുകളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ല. മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി നല്‍കിയാലേ അത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ വളര്‍ത്തി ലഭ്യമായ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തണമെന്നും ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളായി മാറണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കി കുട്ടികള്‍ക്ക് പുതിയ കോഴ്‌സുകള്‍ പഠിക്കാനും ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പരിശീലനം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Back to top button
error: