രാജ്യസഭാ എംപിയും കൈരളി ടി.വി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ് ലഭിച്ചു. ഡല്‍ഹി ജെ.എന്‍.യുവില്‍ നിന്ന് ‘ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളില്‍ ആഗോളീകരണത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിലാണ് ബ്രിട്ടാസ് ഡോക്ടറേറ്റ് നേടിയത്. ജെ.എന്‍.യുവിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഗവേഷണം പൂര്‍ത്തിയാക്കിയെങ്കിലും ഗൈഡ് ഡോ. കിരണ്‍ സക്സേനയുടെ നിര്യാണത്തേത്തുടര്‍ന്ന് പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഡോ. വി ബിജുകുമാറിന്റെ കീഴില്‍ പുനരാരംഭിച്ചു. ജൂണ്‍ 14 നാണ് ഡോക്ടറേറ്റ് ലഭിച്ചത്.
കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും തൃശ്ശര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി. ബിരുദാനന്തര ബിരുദവും നിയമവും ഒന്നാം റാങ്കോടെയാണ് നേടിയത്.
ഡല്‍ഹി ദേശാഭിമാനിയിലെ ജോലിക്കിടെ പഠനം തുടര്‍ന്നു. ജെ.എന്‍.യുവില്‍ നിന്ന് എം.ഫില്‍ നേടി. ആകാശവാണിയുടെ ഡല്‍ഹി നിലയത്തില്‍ ന്യൂസ് റീഡറായി. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായി. പിന്നീട് കൈരളി ചാനലിലെത്തി. മാനേജിങ്ങ് ഡയറക്ടറും എഡിറ്ററുമായി. ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം എന്നിവ റിപ്പോര്‍ട്ട് ചെയ്തതിലൂടെ ശ്രദ്ധേയനായി.
അമേരിക്ക – ഇറാക്ക് യുദ്ധം, നേപ്പാള്‍ തെരഞ്ഞെടുപ്പ്, പാകിസ്ഥാന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്‌തു. മിനാരങ്ങള്‍ ധൂളികളായപ്പോള്‍ എന്ന ബാബ്‌റി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് ശ്രദ്ധയാകര്‍ഷിച്ചു. പ്രധാനമന്ത്രിയുടെ മാധ്യമസംഘത്തില്‍ അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2021 ൽ സി.പി.എം പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.