തിരുവനന്തപുരം: ബഫര്‍ സോണിലെ സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുപ്രീം കോടതി വിധി കേരളത്തിലെ ഇരുപതോളം പട്ടണങ്ങളെയും ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയും രണ്ടര ലക്ഷം ഏക്കര്‍ കൃഷിയിടത്തെയും ഗൗരവമായി ബാധിക്കും. ജനജീവിതത്തെയും അവരുടെ ഉപജീവനമാര്‍ഗങ്ങളെയും അവിടുത്തെ നിര്‍മ്മിതികളെയും പ്രതിസന്ധിയിലാക്കും. സുപ്രീം കോടതി വിധിയില്‍ സംസ്ഥാനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. സംസ്ഥാനത്തെ വനം സംരക്ഷിച്ചും കൃഷിയിടങ്ങളെയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. അതിന് ആവശ്യമായ എല്ലാ പിന്തുണയും പ്രതിപക്ഷം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2011-ലെ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് പത്ത് കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആക്കാനുള്ള തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. 2002 ലെ ബി.ജെ.പി സര്‍ക്കാരാണ് ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. നിങ്ങള്‍ക്ക് ബി.ജെ.പി എന്നു പറയുന്നതിനേക്കാള്‍ എളുപ്പമാണ് യു.പി.എ എന്നു പറയാന്‍. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പത്ത് കിലോമീറ്റര്‍ ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാന്‍ 2010-ല്‍ നോയിഡ പാര്‍ക്കിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീ കോടതി യു.പി.എ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അല്ലാതെ യു.പി.എ സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
2013-ല്‍ ഉമ്മന്‍ ചാണ്ടി ഇതേക്കുറിച്ച് വിശദമായി പഠിക്കുകയും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം 2015-ല്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം ഇറക്കി. 2016-ല്‍ എക്‌സ്‌പെര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് ഈ നിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് അധികാരത്തില്‍ ഉണ്ടായിരുന്ന പിണറായി സര്‍ക്കാര്‍ 2018 വരെ ഒരു മറുപടിയും കൊടുത്തില്ല. അതേത്തുടര്‍ന്ന് പ്രാഥമിക വിജ്ഞാപനം 2018-ല്‍ അസാധുവായി. ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം 31-10-2019 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലും വ്യക്തമായി വിവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് സോണായി തത്വത്തില്‍ നിശ്ചയിച്ചു കൊണ്ട് കരട് വിജ്ഞാപനം തയാറാക്കുന്നതിന് അംഗീകാരം നല്‍കി. ഇതേ ഉത്തരവില്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി ജനവാസ കേന്ദ്രങ്ങളിലും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ബഫര്‍ സോണിന് കേരളം അനുകൂലമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ നിര്‍ദ്ദേശമാണ് സുപ്രീ കോടതി ഉത്തരവായി പുറപ്പെടുവിച്ചത്. അതിന് എതിരെയാണ് നിങ്ങള്‍ വയനാട്ടിലും ഇടുക്കിയിലും ഹര്‍ത്താല്‍ നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭ എന്താണ് തീരുമാനിക്കുന്നതെന്ന് ജനങ്ങള്‍ നോക്കി ഇരിക്കുകയാണ്. ഇനിയെങ്കില്‍ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടണം. പരിസ്ഥിതി സംരക്ഷിക്കണമെന്ന ഉറച്ച നിലപാട് തന്നെയാണ് യു.ഡി.എഫിനും. സഭയില്‍ ഇല്ലാത്ത പി.ടി തോമസിന്റെ നിലപാടും വി.ഡി സതീശന്റെ നിലപാടും യു.ഡി.എഫിന്റെ നിലപാടും കാട് സംരക്ഷിക്കണം എന്നു തന്നെയാണ്. അല്ലാതെ കാട് കേറി കൊള്ള നടത്താന്‍ ഞങ്ങള്‍ കൂട്ട് നില്‍ക്കില്ല. അതിന് കുട പിടിക്കുന്നത് സര്‍ക്കാരാണ്. എന്നിട്ടാണ് വനം സംരക്ഷിക്കേണ്ട വനം മന്ത്രി വന്ന് വനം സംരക്ഷിക്കണമെന്ന് വി.ഡി സതീശന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പറയുന്നത്. ഇത് എവിടത്തെ ന്യായമാണ്. നിങ്ങള്‍ കൊള്ളക്കാര്‍ക്ക് എല്ലാ സംരക്ഷണവും കൊടുത്തവരാണ്. ജനകീയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതിലും തീരുമാനം എടുക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.