കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പാനിപ്പൂരി വില്പന നിരോധിച്ചു.കോളറ പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്നാണ് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പാനിപൂരിയുടെ വിൽപ്പന നിരോധിച്ചത്.
പാനിപ്പൂരിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.ഇതിനെ തുടർന്ന് ഡൽഹിയിലും മുംബൈയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഏഴ് കേസുകളില്‍ കാഠ്മണ്ഡു മെട്രോപോളിസിലും ചന്ദ്രഗിരി മുനിസിപ്പാലിറ്റിയിലും ബുധാനില്‍കാന്ത മുനിസിപ്പാലിറ്റിയിലും ഓരോ കേസും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എപ്പിഡെമിയോളജി ആന്‍ഡ് ഡിസീസ് കണ്ട്രോള് വിഭാഗം ഡയറക്ടര്‍ ചുമന്‍ലാല്‍ ദാഷ് അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോളറ കേസുകള്‍ 12 ആയി. ഇവരെല്ലാം ചികിത്സയിലാണ്. രണ്ട് പേര് കോളറ മുക്തരായി ആശുപത്രി വിട്ടു.
കോളറ കേസുകളുടെ വര്‍ദ്ധനവിനിടെ, കോളറയുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വയറിളക്കവും കോളറയും മറ്റ് ജലജന്യ രോഗങ്ങളും പ്രത്യേകിച്ച് വേനല്‍ക്കാലത്തും മഴക്കാലത്തും പടരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.