NEWSSocial MediaTRENDING

സത്യം ജയിക്കും, മൗനമാണ് ഏറ്റവും നല്ല മറുപടി; ഫെയ്‌സ്ബുക്ക് കുറിപ്പുമായി വിജയ് ബാബു

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയരുന്ന വിവാദങ്ങളില്‍ ഫേസ് ബുക്ക് പ്രതികരണവുമായി നടന്‍ വിജയ് ബാബു. സത്യം ജയിക്കുമെന്നും മൗനമാണ് ഏറ്റവും നല്ല മറുപടി എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ലെന്ന് വിജയ് ബാബു പറയുന്നു. അന്വേഷണ സംഘത്തോട് നൂറ് ശതമാനം സഹകരിക്കുമെന്നും കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ”എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”

Signature-ad

 

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തുന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തില്‍ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്.

ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.

സംഭവം നടന്ന ഫ്‌ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സ്റ്റേഷന്‍ ജാമ്യം അനുവദിച്ചെങ്കിലും വരുന്ന ആറ് ദിവസവും വിജയ് ബാബു പൊലീസ് നടപടികള്‍ക്ക് വിധേയനാകണം. അതേസമയം, കേസില്‍ വിജയ് ബാബു കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചു.

Back to top button
error: