മുംബൈ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റ സെതല്‍വാദ് അടക്കമുള്ളവര്‍ക്കെതിരായ കേസ് അന്വേഷിക്കുക മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍. ഗുജറാത്ത് എടിഎസ് ഡിഐജി ദീപന്‍ ഭദ്രന്റെ നേതൃത്വത്തിലാണ് നാലംഗസംഘം കേസ് അന്വേഷിക്കുക. തീവ്രവാദ വിരുധ സേനയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അതേസമയം പൊലീസ് കസ്റ്റഡിയില്‍ തനിക്ക് മര്‍ദ്ദനമേറ്റെന്ന് തീസ്ത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു.
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരായി വ്യാജ ആരോപണങ്ങളുന്നയിച്ചെന്നാണ് ടീസ്റ്റ സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കേസ്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് എടുത്ത കേസാണ് തീവ്രവാദ വിരുധ സേനയ്ക്ക് കൈമാറുന്നത്. രാവിലെ വൈദ്യപരിശോധനയ്ക്കായി അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് തീസ്ത കസ്റ്റഡി മര്‍ദ്ദനം ഉണ്ടായെന്ന് ആരോപിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും അപമര്യാദയായി പെരുമാറുകയും വാറന്റ് പോലും കാണിക്കാതെ ബലമായി പിടിച്ച് കൊണ്ടുപോവുകയായിരുന്നെന്നും മുംബൈ പൊലീസില്‍ ഇന്നലെ പരാതി നല്‍കിയിട്ടുമുണ്ട്.
എന്നാല്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ അറസ്റ്റിലായ മലയാളിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാറിനെ ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ പ്രതി ചേര്‍ത്ത മുന്‍ ഡിഐജി സഞ്ജീവ് ഭട്ടിനെയും അഹമ്മദാബാദിലേക്ക് എത്തിക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. കസ്റ്റഡി മരണക്കേസില്‍ ജയിലിലാണ് ഭട്ട്.
അതേസമയം മനുഷ്യാവകാശ പ്രവര്‍ത്തനം കുറ്റകൃത്യമല്ലെന്ന് ഇന്ത്യയിലെ യുഎന്‍ റിപ്പോര്‍ട്ടര്‍ മേരി ലോവര്‍ പ്രതികരിച്ചു. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് തെറ്റായ ആരോപണങ്ങളുന്നയിച്ചവര്‍ക്കെതിരെ ഉചിതമായ നടപടിയാവാമെന്ന സുപ്രീംകോടതി നിരീക്ഷണത്തെതുടര്‍ന്നാണ് ഇപ്പോഴത്തെ പൊലീസ് നടപടി. എന്നാല്‍ കോടതി നിരീക്ഷണത്തെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുപയോഗിക്കരുതെന്ന് അഭിഭാഷനും കോണ്‍ഗ്രസ് നേതാവുമായി മനു അഭിഷേക് സിംഗ്വി പറഞ്ഞു.സോണിയാ ഗാന്ധിയാണ് ടീസ്തയ്ക്ക് പിന്നിലെന്ന ബിജെപി ആരോപണത്തെയും അദ്ദേഹം വിമര്‍ശിച്ചു. സിപിഎമ്മും അറസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു.