ഉദ്ധവ് താക്കറെ മന്ത്രിസഭയുടെ അടിവേര് ഇളക്കിയ ഏകനാഥ് ഷിൻഡെ മുൻ ഓട്ടോ ഡ്രൈവർ, ബോളിവുഡ് സിനിമാക്കഥകളെ വെല്ലുന്ന ഷിൻഡെയുടെ രാഷ്ട്രീയ വളർച്ചയുടെ കഥ ഇതാ
ഓട്ടോറിക്ഷ ഡ്രൈവറായാണ് ഏക്നാഥ് ഷിന്‍ഡെയുടെ തുടക്കം. പിന്നീട് ശിവസേനയുടെ താനെ ജില്ലാ പ്രസിഡന്റ് നാനാദ് ദിഗെയുടെ ഡ്രൈവറായി. തുടർന്ന് താനെ മുനിസിപല്‍ കോര്‍പറേഷനില്‍ കൗണ്‍സിലറും എം.എല്‍.എയും മന്ത്രിയുമായി. ബോളിവുഡ് സിനിമാക്കഥകളെ അതിജീവിക്കുന്ന ജീവിതത്തിനുടമയായ ആ പഴയ ഓട്ടോറിക്ഷ ഡ്രൈവര്‍ അങ്ങനെ ശിവസേനയുടെ വിമതനേതാവായി. വളരെ താഴേക്കിടയില്‍ നിന്ന് ശിവസേനയിലെത്തിയ ഷിന്‍ഡെ പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെയുടെ വലംകൈയായി മാറിയത് പെട്ടെന്നാണ്. മസാലസിനിമകളെ വെല്ലുംവിധം ഇപ്പോള്‍ കഥയിലെ വില്ലനുമായി തീർന്നു ഷിന്‍ഡെ. ആദ്യം ഷിന്‍ഡെ കൗണ്‍സിലറായാണ് മത്സരിച്ചു വിജയിച്ചത്. പിന്നീട് നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി.
അണികളെയും പരിപാടികളും സംഘടിപ്പിക്കുന്നതില്‍ അതിസമർത്ഥനായ ഷിന്‍ഡെയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് ശിവസേനയുടെ താനെ ജില്ലാ പ്രസിഡന്റ് നാനാദ് ദിഗെയാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷിന്‍ഡെ നാനാദ് ദിഗെയുടെ കാര്‍ ഡ്രൈവറായാണ് കഥയിലേക്കു പ്രവേശിക്കുന്നത്. ‘താനെയിലെ രാജാവ്’ എന്ന് അറിയപ്പെട്ടിരുന്ന ദിഗെയുടെ കണ്ണും കാതുമായി ഷിന്‍ഡെ പിന്നീട് മാറി. നാനാദ് ദിഗെയുമായുള്ള അടുപ്പം താനെ മുനിസിപല്‍ കോര്‍പറേഷനില്‍ കൗണ്‍സിലറായി വിജയിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. തുടര്‍ന്ന് ഷിന്‍ഡെ എം.എല്‍.എയും മന്ത്രിയുമായി വളർന്നത് ചരിത്രം.
അങ്ങനെ അളവറ്റ സമ്പത്തും പാര്‍ട്ടിയില്‍ സ്വാധീനവും നേടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍കാരില്‍ നഗരവികസനത്തിന്റെയും സംസ്ഥാന റോഡ് ഗതാഗതത്തിന്റെയും വകുപ്പുകളാണ് ഷിന്‍ഡെ കൈകാര്യം ചെയ്തത്. 2019ല്‍ അധികാരം പങ്കിടുന്നതിനെച്ചൊല്ലി സേന ബി.ജെ.പിയുമായി വിലപേശൽ നടത്തിയപ്പോള്‍ ഉപമുഖ്യമന്ത്രി പദമാണ് ഷിന്‍ഡെ സ്വപ്നം കണ്ടത്. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചതോടെ ആ സ്വപ്നം തകര്‍ന്നു.
മാത്രമല്ല ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെ മന്ത്രിസഭയില്‍ ചേരുകയും പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു, ഇത് ശിവസേനയിലെ ഷിന്‍ഡെയുടെ അപ്രമാദിത്വത്തിന് തിരിച്ചടിയായി. സേനാ രാഷ്ട്രീയത്തിലേക്കുള്ള ആദിത്യയുടെ രംഗപ്രവേശം ഏകനാഥ് ഷിൻഡെയെ കുറച്ചൊന്നുമല്ല അലട്ടിയത്. പക്ഷേ കോവിഡ്കാലം അദ്ദേഹത്തിന് അനുകൂലമായ അവസരം നല്‍കി. ഉദ്ധവ് നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍, മുഖ്യമന്ത്രിയും പാർട്ടി എംഎല്‍എമാരും തമ്മിലുള്ള ആശയവിനിമയ വിടവ് ഷിന്‍ഡെ സമർത്ഥമായി ഉപയോഗിച്ചു.
നിരവധി നിയമസഭാ സാമാജികരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്ന് അദ്ദേഹം മുതലെടുത്തു, ഇത് താക്കറെ കുടുംബത്തിനെതിരെ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപത്തിന് കാരണമായി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക മാത്രമല്ല, ശിവസേനയുടെ അടിത്തറ ഇളക്കുകയും ചെയ്തു ഷിന്‍ഡെ.
ഒടുവിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിലെ ഉദ്ധവ് താക്കർ മന്ത്രി സഭയെ നിലം പരിശാക്കിക്കൊണ്ട് ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 22 ശിവസേന എം.എല്‍.എമാര്‍ സൂറത്തിലെ ഹോട്ടലിൽ ഒളിത്താവളം തേടിയതാണ് കഥയിലെ അവസാന അദ്ധ്യായം. സസ്പെൻസ് നിറഞ്ഞ ശേഷം ഭാഗങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ.