ട്രാക്ക് മാറ്റി ശിവസേന: വഞ്ചന മറക്കില്ലെന്ന് ആദിത്യ, എത്രനാള്‍ ഒളിച്ചുകഴിയുമെന്ന് സഞ്ജയ് റാവത്ത്; വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരേ ആക്രമണം; വിമതര്‍ക്ക് ആശങ്ക
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തീര്‍ത്ത് ഗുവാഹത്തിയില്‍ ഒളിവില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും പ്രതികരണവുമായി ശിവസേനാ നേതാക്കള്‍ രംഗത്ത്്. ‘എത്രനാള്‍ നിങ്ങള്‍ ഗുവാഹത്തിയില്‍ ഒളിച്ചുകഴിയും? നിങ്ങള്‍ ചൗപ്പട്ടിയിലേക്ക് തിരിച്ചുവരേണ്ടി വരുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സഞ്ചയ് റാവത്തിന്റെ ട്വീറ്റ്. വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ശിവസേനയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് 16 വിമത എംഎല്‍എമാര്‍ക്ക് നര്‍ഹാരി സിര്‍വാല്‍ നോട്ടിസ് നല്‍കിയിരുന്നു.
ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി തിരഞ്ഞെടുപ്പ് നേരിടാനാണ് മന്ത്രി ആദിത്യ താക്കറെ വെല്ലുവിളിച്ചത്. ഞങ്ങളുടെ ഭരണം മോശമാണെന്നും ഞങ്ങള്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്നും തോന്നുന്നുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോയി തിരഞ്ഞെടുപ്പ് നേരിടൂവെന്ന് ആദിത്യ താക്കറെ പരസ്യമായി വെല്ലുവിളിച്ചു. വഞ്ചന ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി സത്യയും നുണയും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു ആദിത്യ താക്കറെ നേരത്തെ പറഞ്ഞത്. ദില്ലി ജന്തര്‍മന്തറില്‍ വിമതര്‍ക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്.
മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എംഎല്‍എമാര്‍ക്കൊപ്പം ഏകനാഥ് ഷിന്ദേ സംസ്ഥാനം വിട്ടുപോയതാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. ഇവര്‍ ഇപ്പോള്‍ ഗുവാഹത്തിയിലെ ഒരു ഹോട്ടലില്‍ ക്യാമ്പ് ചെയ്യുകയാണ്. നാട്ടില്‍ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയിലെ ഹോട്ടലില്‍ തുടരുന്ന വിമത എംഎല്‍എമാരും ആശങ്കയിലാണ്.
നിലനില്‍പ്പിനായുള്ള തീരുമാനമെടുക്കാന്‍ ഏകനാഥ് ഷിന്‍ഡെയ്ക്ക് മേല്‍ ഇതോടെ സമ്മര്‍ദ്ദവും ശക്തമാവുകയാണ്. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി വിമത എംഎല്‍എമാരുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ കൂട്ടിയിട്ടുണ്ട്. 15 എംഎല്‍എ മാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ കര്‍ശന ജാഗ്രത തുടരുകയാണ്. മുംബൈയില്‍ ജൂണ്‍ 30 വരെയാണ് നിരോധനാജ്ഞ.
കോവിഡ് മുക്തനായ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കൊഷിയാരി ഔദ്യോഗിക ചുമതലകളില്‍ തിരിച്ചെത്തിയതിന് പിന്നാലെ അയോഗ്യരാക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി വിമതര്‍. ഡെപ്യുട്ടി സ്പീക്കര്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് കാട്ടി ഗവര്‍ണറെ സമീപിക്കാനാണ് നീക്കം. പ്രത്യേക ബ്ലോക്കായി നിയമസഭയില്‍ നില്‍ക്കണമെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരണമെന്നാണ് ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഏകനാഥ് ഷിന്‍ഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാന്‍ വിമതര്‍ തീരുമാനിച്ചിട്ടുണ്ട്. അയോഗ്യരാക്കപ്പെടാതിരിക്കാന്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഡെപ്യുട്ടി സ്പീക്കര്‍ കുറഞ്ഞത് 7 ദിവസമെങ്കിലും സമയം നല്‍കണമെന്നും വിമതര്‍ ആവശ്യപ്പെട്ടു.
തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നു അവകാശപ്പെട്ടു നേരത്തെ ഷിന്‍ഡെ വിഭാഗം കത്തയച്ചെങ്കിലും എന്‍സിപി നേതാവായ ഡെപ്യുട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള് അംഗീകരിച്ചിരുന്നില്ല. 16 എംഎല്‍എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഉദ്ധവ് വിഭാഗം നല്‍കിയ കത്തിന് തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് വിമതരോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നുകാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് ഏകനാഥ് ഷിന്‍ഡെയുടെ നീക്കം. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി നില്‍ക്കുമെന്ന് വിമതര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാതെ നിയമപരമായി നിലനില്പില്ലെന്നാണ് ലഭിച്ച നിയമോപദേശം. ബിജെപിയില്‍ ചേരില്ലെന്നു ഷിന്‍ഡെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ചെറുപാര്‍ട്ടിയിലേക്ക് കൂടുമാറി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ പിന്തുണയ്ക്കാനും വിമതര്‍ ആലോചിക്കുന്നുണ്ട്.
അതിനിടെ ശിവസേനയുടെയും അതിന്റെ സ്ഥാപകന്‍ അന്തരിച്ച ബാലാസാഹേബ് താക്കറെയുടെയും പേര് ഉപയോഗിക്കുന്നതില്‍ നിന്ന് മറ്റേതെങ്കിലും രാഷ്ട്രീയ സംഘടനയെയോ വിഭാഗത്തെയോ തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സേനാ നേതാക്കളുമായി ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.